സ്നേഹമാകുന്ന മനുഷ്യാവതാരം
Thursday, December 5, 2024 2:01 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവിൽ
“ദൈവം സ്നേഹമാകുന്നു” (1 യോഹ 4:8). സ്നേഹമാകുന്ന ദൈവം മനുഷ്യനായി അവതരിച്ചതിന്റെ അനുസ്മരണവും ആഘോഷവുമാണ് ക്രിസ്മസ്.
ദൈവം സകല സൃഷ്ടികളിൽനിന്നു വ്യത്യസ്തമായി സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചത്. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യവും സകല സൃഷ്ടവസ്തുക്കളുടെയുംമേൽ അധികാരവും ദൈവം മനുഷ്യനു നൽകി. മനുഷ്യരിൽനിന്ന് ദൈവം ആഗ്രഹിച്ചത് സ്വയം സ്നേഹിക്കുന്ന, പരസ്പരം സ്നേഹിക്കുന്ന, പ്രകൃതിയെ സ്നേഹിക്കുന്ന, ദൈവത്തെ സ്നേഹിക്കുന്ന ഒരു സ്നേഹസന്പന്നമായ ജീവിതമാണ്.
പാപംചെയ്ത മനുഷ്യനോട് സ്നേഹമാകുന്ന ദൈവം കരുണകാണിച്ചു. ആദ്യപാപം കാരണം മനുഷ്യനെ ദൈവം നശിപ്പിച്ചില്ല. മനുഷ്യനെ വീണ്ടും ജീവിക്കാൻ അനുവദിച്ച ദൈവം ഭൂമിയിൽ സന്തോഷത്തോടും സമാധാനത്തോടുംകൂടെ ജീവിക്കുവാൻ മനുഷ്യനു നൽകിയ പത്ത് കല്പനകൾ ഇപ്രകാരം സംഗ്രഹിച്ചു: “ഇസ്രയേലേ, കേൾക്കുക: നമ്മുടെ ദൈവമായ കർത്താവ് ഒരേ ഒരു കർത്താവാണ്. നിങ്ങളുടെ ദൈവമായ കർത്താവിനെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ ശക്തിയോടുംകൂടെ സ്നേഹിക്കണം” (നിയ 6:4-5). നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരെയും സ്നേഹിക്കുക” (ലേവ്യ 19:18).
എന്നാൽ, മനുഷ്യർ കല്പനകൾക്കു വിരുദ്ധമായി പ്രവർത്തിച്ച് അവിശ്വസ്തരായി. മനുഷ്യർ അവിശ്വസ്തരും പാപികളുമായിരുന്നപ്പോഴും ദൈവത്തിന്റെ കരുണാർദ്ര സ്നേഹം അചഞ്ചലവും വിശ്വസ്തവുമായിരുന്നു. സ്നേഹമാകുന്ന ദൈവം ആഗ്രഹിക്കുന്നത് ആരും നശിച്ചുപോകാതെ രക്ഷ പ്രാപിക്കണം എന്നാണ്. അതിനുവേണ്ടിയാണ് തന്റെ പ്രിയപുത്രനായ ഈശോമിശിഹായെ സ്നേഹമാകുന്ന ദൈവം ലോകത്തിലേക്കയച്ചത് (യോഹ 3:16-17). തന്റെ ഏക പുത്രൻവഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെ ദൈവത്തിന്റെ സ്നേഹം മനുഷ്യരുടെ ഇടയിൽ വെളിപ്പെട്ടിരിക്കുന്നു (1 യോഹ 4:9-10).
സ്നേഹമാകുന്ന ദൈവം, അന്ത്യഅത്താഴവേളയിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരോട് ഇപ്രകാരം കല്പിച്ചു: “നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും” (യോഹ13:35). ബൈബിളിലെ പഴയനിയമത്തിൽ സുവ്യക്തമായി പറഞ്ഞതും പുതിയ നിയമത്തിൽ ആവർത്തിക്കപ്പെട്ടതുമായ “ദൈവത്തെ സ്നേഹിക്കുക”എന്ന ആശയം അന്ത്യ അത്താഴവേളയിൽ നൽകപ്പെട്ട ഈ കല്പനയിൽ കാണുന്നേ ഇല്ല എന്നത് വളരെ വിചിത്രമായി ഒരുപക്ഷേ തോന്നിയേക്കാം. പക്ഷേ, ബൈബിൾ അതിന്റെ സമഗ്രതയിൽ വായിക്കുന്പോൾ നമുക്ക് മനസിലാക്കുവാൻ കഴിയും, “കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല”(യോഹ 4:20).
“ദൈവം സ്നേഹമാകുന്നു” എന്ന് ഉദ്ബോധിപ്പിക്കുന്ന വിശുദ്ധ ബൈബിൾ പരസ്പര സ്നേഹത്തിന്റെ പതിനഞ്ച് ഗുണങ്ങളെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: സ്നേഹം ദീർഘക്ഷമയുള്ളതാണ്, ദയയുള്ളതാണ്, അസൂയപ്പെടുന്നില്ല, ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല, അനുചിതമായി പെരുമാറുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലർത്തുന്നില്ല, അനീതിയിൽ സന്തോഷിക്കുന്നില്ല, സത്യത്തിൽ ആഹ്ലാദം കൊള്ളുന്നു, സകലതും സഹിക്കുന്നു, സകലതും വിശ്വസിക്കുന്നു, സകലതും പ്രത്യാശിക്കുന്നു, സകലത്തേയും അതിജീവിക്കുന്നു, ഒരിക്കലും അവസാനിക്കുന്നില്ല (1 കോറി 13:4-8).
ദൈവത്തിന്റെ കരുണാർദ്ര സ്നേഹം വെളിപ്പെടുത്തിക്കൊണ്ട് ഈ ഭൂമിയിൽ മനുഷ്യനായി അവതരിച്ച ഈശോമിശിഹാ തന്റെ ജീവൻ മനുഷ്യസ്നേഹത്തെപ്രതി ബലിയായി അർപ്പിച്ചുകൊണ്ട് പഠിപ്പിച്ചു: “സ്നേഹിതനുവേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല”(യോഹ 15:13).