മടവീഴ്ചയിൽ പൊലിഞ്ഞത് ലക്ഷങ്ങൾ
Thursday, December 5, 2024 2:01 AM IST
കോട്ടയം: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയില്‍ കോട്ടയം ജില്ലയില്‍ വ്യാപക കൃഷി നാശം. മടവീണും വെള്ളം കെട്ടിനിന്നും നെല്കൃഷിക്കാണു കൂടുതലും നാശമുണ്ടായിരിക്കുന്നത്. 330 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി പൂര്‍ണമായും നശിച്ചതായാണു കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്.
ചങ്ങനാശേരി താലൂക്കിലെ കുറിച്ചി, പായിപ്പാട്, മീനച്ചില്‍ താലൂക്കിലെ മാഞ്ഞൂര്‍, വൈക്കം താലൂക്കിലെ കടുത്തുരുത്തി, കല്ലറ, കോട്ടയം താലൂക്കിലെ തിരുവാര്‍പ്പ്, കുമരകം പ്രദേശത്താണ് നെല്‍കൃഷിക്ക് വ്യാപകമായ നാശമുണ്ടായിരിക്കുന്നത്.
വിത കഴിഞ്ഞ് 15 ദിവസം പോലും ആകാത്ത പാടത്താണ് നഷ്ടമേറെയും. കൊയ്ത്തു നടന്നു കൊണ്ടിരിക്കുന്ന 300 ഹെക്ടര്‍ പാടശേഖരത്തും നാശനഷ്ടമുണ്ടായി. വെള്ളം കെട്ടിനിന്നു നെല്ല് ചീഞ്ഞുപോയിരിക്കുകയാണ്. തിരുവാര്‍പ്പ് ജെ ബ്ലോക്കില്‍ 600 ഏക്കര്‍ പാടത്ത് വലിയ നാശമാണുണ്ടായിരിക്കുന്നത്.
ജില്ലയിലെ നെല്‍കൃഷി മേഖല ഉള്‍പ്പെടുന്ന അപ്പര്‍കുട്ടനാട് മേഖലയില്‍ നെല്‍കര്‍ഷകര്‍ക്ക് ഇടിത്തീയായിട്ടാണു മടവീഴ്ചയുണ്ടായത്. അതിശക്തമായ മഴ പെയ്തില് ജില്ലയില്‍ 15 ഇടങ്ങളിലാണു വലിയ മടവീഴ്ചയുണ്ടായത്. പലയിടത്തും ഇപ്പോഴും മടപൊട്ടുന്നുണ്ട്. പാടമേത് തോടേതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ് പലയിടവും. കര്‍ഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തില്‍ ബണ്ട് നിര്‍മാണം പലയിടത്തും നടക്കുകയാണ്.
മാഞ്ഞൂര്‍ കുഴിയാംചാല്‍ ആനിത്താനം പെരുംകരി പാടശേഖരത്ത് മടവീണു വിതച്ച് 15 ദിവസമായ 48 ഏക്കറിലെ നെല്‍കൃഷിയാണ് നശിച്ചത്. കൃഷി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കൃഷി നാശമുണ്ടായ സ്ഥലങ്ങള്‍ സന്ദർശിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
35 ടൺ നെല്‍വിത്ത് പൂര്‍ണമായും നശിച്ചു
ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളില്‍ കൃഷിയിറക്കിയ 35 ടണ്ണോളം നെല്‍വിത്ത് പൂര്‍ണമായും നശിച്ച നിലയിലാണ്. വിതച്ച് മൂന്നു ദിവസം മുതല്‍ 10 ദിവസംവരെയായ നെല്‍പ്പാടങ്ങളിലാണ് വെള്ളം ഇരമ്പിക്കയറിയത്. വിതയ്ക്കുന്നതിനായി കിളിര്‍പ്പിച്ച വിത്തും പൂപ്പല്വീണ് നശിച്ചിട്ടുണ്ട്.
പാടശേഖരങ്ങളുടെ ബണ്ടുകളുടെ ബലക്ഷയംമൂലമുണ്ടായ മടവീഴ്ചയിലാണ് ലക്ഷങ്ങള്‍ മുടക്കി ഒരുക്കി വിതച്ച നെല്‍പ്പാടങ്ങളില്‍ മഴവെള്ളം കയറിയത്. പായിപ്പാട് കൃഷിഭവന്റെ പരിധിയിലുള്ള കാവാലിക്കരി, പൂവത്ത് തൊള്ളായിരം പടിഞ്ഞാറ്, പൂവംകിഴക്ക്, മൂല ആലഞ്ചേരി, കൈപ്പുഴാക്കല്‍, നക്രാല്‍ പുതുവല്‍, എട്ട്യാകരി, കുന്നംപള്ളി പാടശേഖരങ്ങളിലാണ് മടവീഴ്ചയില്‍ നാശനഷ്ടം ഉണ്ടായത്. 35 ഏക്കര്‍വരുന്ന തെറ്റിച്ചാല്കോടി പാടശേഖരത്ത് വിതയ്ക്കാനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുമ്പോഴാണ് രണ്ടിടത്ത് മട വീണത്.
കാപ്പോണപ്പുറം പാടശേഖരം പൂര്‍ണമായും മടവീണു നശിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 575 ഏക്കറാണ് ഈ പാടശേഖരത്തിന്റെ വിസ്തൃതി. അഞ്ചിടത്താണ് മടവീണത്. തകര്‍ന്ന മടകള്‍ കര്‍ഷകരും തൊഴിലാളികളും ചേര്‍ന്ന് പുനഃസ്ഥാപിച്ചെങ്കിലും ഇന്നലെവീണ്ടും മടവീണു തകര്‍ന്നു. ഈ പാടശേഖരത്തില്‍ കൃഷിയിറക്കിയിട്ട് എട്ടുദിവസമേ ആയുള്ളൂ.
വാകത്താനം പഞ്ചായത്തിലെ വരമ്പിനകം, മണിയന്പിടവം പാടശേഖരങ്ങളിലും മടവീഴ്ചയില്‍ നാശം സംഭവിച്ചു.
ഊത്തക്കാട്ട്, തോട്ടുപുറം പാടശേഖരത്ത് 150 ഏക്കറില്‍
പായിപ്പാട്, പെരിങ്ങര കൃഷിഭവനുകളില്പ്പെടുന്ന ഊത്തക്കാട്ട്, തോട്ടുപുറം-കരിഞ്ചെമ്പ് പാടശേഖരത്തിലെ 150 ഏക്കറില്‍ കൃഷി നാശം. 90 കര്‍ഷര്‍ ചേർന്നാണ് ഇവിടെ കൃഷിയിറക്കിയത്. 26ന് വിതച്ച നെല്ലിനാണ് നാശം നേരിട്ടത്. ഈ പാടശേഖരത്തില്‍ നാലിടങ്ങളില്‍ 15 മീറ്റര്‍വീതം മടവീണിട്ടുണ്ട്.
പമ്പിംഗിനു വേണ്ടത് ലക്ഷങ്ങള്‍
ഒഴുക്കു വെള്ളം ഇരച്ച് പാടത്തേക്കുവരുന്ന സാഹചര്യത്തില്‍ പമ്പിംഗ് തുടരേണ്ടതായിട്ടുണ്ട്. ഇതിന് കുറഞ്ഞത് 15 ലക്ഷം രൂപ അധികച്ചെലവ് വേണ്ടിവരുമെന്നാണ് കൃഷിവകുപ്പിന്റെ കണ്ടെത്തല്‍. ബണ്ട് തകര്‍ന്നും ബണ്ട് കരകവിഞ്ഞും കെട്ടിക്കിടക്കുന്ന വെള്ളം മൂലവുമാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
വെള്ളം കെട്ടിക്കിടന്നാല്‍ ഞാറ് നശിച്ചുപോകുന്ന അവസ്ഥയില്‍ വെള്ളം പമ്പ് ചെയ്തു കളയുന്നതിന് പമ്പുകള്‍ വാടകയ്ക്ക് എടുക്കേണ്ടതായി വരും. മടവീണ പാടങ്ങളില്‍ ചെളിയും പായലും നീക്കം ചെയ്യുന്നതിന് കര്‍ഷകര്‍ക്ക് അധികമുണ്ടാകുന്ന ചെലവ് ഇനിയും തിട്ടപ്പെടുത്താനിരിക്കുന്നതേയുള്ളൂ.
38 ടണ്‍ നെല്‍വിത്ത് ലഭ്യമാക്കണം
പായിപ്പാട് പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലേക്ക് 35 ടണ്ണും വാകത്താനം പഞ്ചായത്തിലെ രണ്ട് പാടശേഖരങ്ങളിലേക്ക് മൂന്നു ടണ്ണുമുള്പ്പെടെ 38 ടണ്‍ വിത്ത് ആവശ്യമാണെന്നാണ് കൃഷിവകുപ്പ് കണക്കാക്കുന്നത്.
ഇപ്രാവശ്യം വിതയ്ക്കുന്നതിനുള്ള വിത്തിന് വന്‍തോതില്‍ ക്ഷാമം നിരിട്ടിരുന്നു. കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്റ് അഥോറിറ്റി വഴിയാണ് നെല്‍വിത്ത് ലഭ്യമാക്കിയത്. പുനര്‍കൃഷിക്ക് നെല്വിത്തുമാത്രം ലഭിക്കാനേ ഇടയുള്ളൂവെന്നും മറ്റ് നഷ്ടങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാനിടയില്ലെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നഷ്ടപരിഹാരം നല്‍കണം
പാടശേഖരങ്ങളില്‍ വിതയ്ക്കുന്നതിനുള്ള വിത്ത് ഉടന്‍ നല്കുവാനും മടവീഴ്ചയ്ക്കു നഷ്ടപരിഹാരം നല്കുവാനും സര്‍ക്കാര്‍ തയാറാകണമെന്നും കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ പുറംബണ്ടുകളുടെ നിര്‍മാണത്തിന് പ്രത്യേക പാക്കേജ് രൂപീകരിക്കണമെന്നും നെല്‍കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി ആവശ്യപ്പെട്ടു.
പള്ളിപ്പാട് പറമ്പിക്കേരി എ ബ്ലോക്കിൽ 160 ഏക്കറിൽ വെള്ളം കയറി
ഹരിപ്പാട്: കൃഷി ഇറക്കാൻ തയാറാക്കിയ പള്ളിപ്പാട് പറമ്പിക്കേരി എ ബ്ലോക്ക് പാടശേഖരത്തിൽ മടവീണു. 160 ഏക്കറോളം വരുന്ന പാടശേഖരത്തിന്റെ പുറംബണ്ട് മുറിഞ്ഞാണ് വെള്ളം കയറിയത്. എട്ടു ലക്ഷത്തോളം രൂപ കർഷകർക്ക് നഷ്ടം സംഭവിച്ചതായിട്ടാണ് പ്രാഥമിക കണക്ക്.
അടുത്ത ദിവസം കൃഷി ഇറക്കാനുള്ള തയാറെടുപ്പിലായിരുന്നു കർഷകർ. മഴയും കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവുമാണ് ബണ്ട് തകരാൻ കാരണം. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായപ്പോൾ പുറംബണ്ട് കർഷകർ ബലപ്പെടുത്തി പാടശേഖരത്തിനുളളിലെ വെള്ളം മോട്ടോർ വച്ച് വറ്റിച്ചുവരികെയാണ് മലവെള്ളപ്പാച്ചിൽപോലെ വെള്ളം പാടശേഖരത്തിലേക്ക് ഇറച്ചുകയറിയതെന്ന് കർഷകർ പറഞ്ഞു. ഇനി വെള്ളത്തിന്റെ വരവ് കുറഞ്ഞ ശേഷം വെള്ളം വറ്റിച്ച് കൃഷി ഇറക്കണമെങ്കിൽ വൻ സാമ്പത്തിക ബാധ്യത കർഷകർക്കുണ്ടാവും.
553 ഹെക്ടര്‍ പാടശേഖരത്ത് നഷ്ടം ഏഴരലക്ഷം
ചങ്ങനാശേരി: വിതച്ച് മൂന്നു ദിവസം മുതല്‍ 15 ദിവസംവരെയായ നെല്പാടങ്ങളിലാണ് നാശനഷ്ടം അധികവും. 120 കര്‍ഷകര്‍ ചേര്‍ന്ന് കൃഷിയിറക്കിയ 153 ഹെക്ടര്‍ വിസ്തൃതിയുള്ള കാപ്പോണപ്പുറം പാടശേഖരത്തില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
അറുപത് ഹെക്ടര്‍ വിസ്തൃതിയുള്ള എട്ട്യാകരി പാടശേഖരത്തില്‍ ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഈ പാടശേഖരത്ത് അറുപത് കര്‍ഷകര്‍ ചേര്‍ന്നാണ് കൃഷിയിറക്കിയത്.
48 ഹെക്ടര്‍ വിസ്തൃതിയുള്ളതും 45 കര്ഷകരുള്പ്പെട്ടതുമായ കൈപ്പുഴാക്കല്‍ പാടശേഖത്ത് മടനിര്മാണത്തിന് ഒന്നരലക്ഷം രൂപ വേണ്ടിവരും.
കാവാലിക്കരി പാടശേഖരത്തില്‍ ഒരുലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്. 168 ഹെക്ടറില്‍ 130 കര്‍ഷകരാണുള്ളത്. 35 ഹെക്ടറുള്ള കൊല്ലത്തുചാത്തങ്കരി പാടശേഖരത്ത് ഒരു ലക്ഷം, ഊത്തക്കാടുകരി 42 ചെമ്പ് പാടശേഖരത്ത് 60,000, കരിക്കടമ്പുകരി 45,000 എന്നിങ്ങനെ നഷ്ടമുണ്ടായി.
552 ഹെക്ടറിലായി 7,55,000 രൂപയുടെ നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഉന്നതാധികൃതര്‍ക്ക് കൈമാറി.
ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ല, വിത്തു നല്‍കും: കൃഷി വകുപ്പ്
വിത്തുവിത പൂര്‍ത്തിയായി 15 ദിവസങ്ങള്‍ക്കു ശേഷമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കു മാത്രമേ സര്‍ക്കാരിന്റെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ മടവീണു കൃഷിനാശമുണ്ടായ ഭൂരിഭാഗം പാടശേഖരങ്ങളിലെല്ലാം വിത കഴിഞ്ഞിട്ട് 15 ദിവസം ആയിട്ടില്ല. ഇതോടെ പുതിയ വിത്തു വിതയ്ക്കുക മാത്രമാണു കര്‍ഷകരുടെ പോംവഴി.
പുതിയ ഉമ വിത്ത് സൗജ്യമായി എത്തിച്ചു നല്‍കാമെന്നാണ് കൃഷി വകുപ്പ് പറയുന്നത്. എന്നാല്‍ ഇത് എന്ന് എത്തുമെന്നോ നല്‍കുമെന്നോ അധികൃതര്‍ പറയുന്നില്ല.
ബണ്ട് ബലപ്പെട്ടുത്തുന്നതിനായി ജില്ലയിലെ പലഭാഗത്തെയും ബണ്ടുകള്‍ ഓരോ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയതാണ്. ഇതിന്റെ എസ്റ്റിമേറ്റും എടുത്തതാണ്. എന്നാല്‍ ഇതുവരെ പണം ലഭിക്കാത്തതിനാല്‍ ബണ്ടു പുനര്‍നിര്‍മാണമോ, ബലപ്പെടുത്തലോ ഇതുവരെ നടന്നിട്ടില്ല.