വൈദികർ സഭാശുശ്രൂഷയും സമൂഹനന്മയും ലക്ഷ്യമാക്കണം: മാർ തട്ടിൽ
Thursday, December 5, 2024 2:01 AM IST
കൊച്ചി: വൈദികർ സഭാശുശ്രൂഷയ്ക്കൊപ്പം സമൂഹത്തിന്റെ നന്മയ്ക്കായി ജീവിതം സമർപ്പിക്കുന്നവരുമാകണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
സീറോമലബാർ സഭയിൽ ഈ വർഷം പൗരോഹിത്യം സ്വീകരിക്കാനൊരുങ്ങുന്ന ഡീക്കന്മാരുടെ സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും സന്യാസ സമൂഹങ്ങളിൽനിന്നുമായി 289 വൈദികവിദ്യാർഥികളാണ് പരിശീലനം പൂർത്തിയാക്കി ഈ വർഷം പൗരോഹിത്യം സ്വീകരിക്കുന്നത്. 221 ഡീക്കന്മാർ ഏകദിന സംഗമത്തിൽ പങ്കെടുത്തു.
മേജർ ആർച്ച്ബിഷപ് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. സഭയുടെ ക്ലർജി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ പൗരോഹിത്യ ശുശ്രൂഷയിലെ വെല്ലുവിളികളുടെ വിവിധ തലങ്ങളെക്കുറിച്ച് ഡീക്കന്മാരുമായി സംവദിച്ചു. ക്ലർജി കമ്മീഷൻ സെക്രട്ടറി ഫാ. ജോജി കല്ലിങ്ങൽ, ഓഫീസ് ഇൻ ചാർജ് സിസ്റ്റർ ലിൻസി അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.