ഹൈക്കോടതി വിധി മറികടന്ന് ഗതാഗത കമ്മീഷണറുടെ ഉത്തരവ്; "ആളില്ലാതെ സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡ്'
Thursday, December 5, 2024 2:01 AM IST
റെനീഷ് മാത്യു
കണ്ണൂർ: റോഡ് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡിൽ ഉദ്യോഗസ്ഥരില്ല. ഒഴിവുകൾ തുടരുന്പോഴും നിലവിലുള്ള ഉദ്യോഗസ്ഥരെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലേക്കു മാറ്റി ഗതാഗത കമ്മീഷണർ.
എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉദ്യോഗസ്ഥരെ റോഡ് സുരക്ഷയ്ക്കല്ലാതെ മറ്റു കാര്യങ്ങൾക്കു നിയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെ മറികടന്നാണ് ഗതാഗത കമ്മീഷണർ കഴിഞ്ഞ രണ്ടിന് ഉത്തരവിറക്കിയിരിക്കുന്നത്.
നിലവിൽ 62 അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കുറവുള്ളപ്പോഴാണ് എൻഫോഴ്സ്മെന്റ് ആർടി ഓഫീസുകളിൽ ജോലി ചെയ്യുന്ന 29 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനായി വിവിധ ആർടി, സബ് ആർടി ഓഫീസുകളിലേക്ക് നിയമിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്. ആലപ്പുഴ അപകടം നടന്ന രണ്ടിനുതന്നെയാണ് ഉത്തരവും പുറത്തിറങ്ങിയത്. ഇതോടെ 24 മണിക്കൂറും റോഡ് സുരക്ഷ നടത്തേണ്ട എൻഫോഴ്സ്മെന്റ് സ്ക്വാഡിൽ 91 എഎംവിഐമാരുടെ കുറവുണ്ട്.
സംസ്ഥാനത്ത് ശബരിമല സീസണിൽ 24 മണിക്കൂറും സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡ് റോഡിൽ പരിശോധന നടത്തണമെന്നാണു നിയമം. ഇതരസംസ്ഥാനങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ വാഹനങ്ങളെത്തുന്ന സാഹചര്യത്തിലാണ് പരിശോധന. എന്നാൽ, ജീവനക്കാരുടെ കുറവിൽ പരിശോധന നടത്താൻ സാധിക്കുന്നില്ല. നിലവിൽ, എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ 62 അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കുറവാണുള്ളത്.
ആർടിഒ, സബ് ആർടി ഓഫീസുകളിൽ എഎംവിഐമാർ പ്രമോഷൻ ആകുന്പോൾ പകരം എൻഫോഴ്സ്മെന്റ് ഓഫീസിൽനിന്നാണ് എഎംവിഐമാരെ ഓഫീസിലേക്ക് മാറ്റുന്നത്. ഒഴിവുകളുടെ കാര്യം പിഎസ്സിയെ അറിയിച്ചിട്ടും നടപടികളില്ലെന്നു പറയുന്നു.
സംസ്ഥാനത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡിൽ വേണ്ട എഎംവിഐമാരുടെ എണ്ണം 255 ആണ്. നിലവിൽ, 62 ഒഴിവുകളുണ്ട്. 29 പേരെ ഡ്രൈവിംഗ് ടെസ്റ്റിലേക്ക് മാറ്റിയതോടെ 164 എഎംവിഐമാർ മാത്രമാണ് സ്ക്വാഡിലുള്ളത്.
അക്രഡിറ്റഡ് ഡ്രൈവർ ട്രെയിനിംഗ് സെന്റർ നടപ്പാക്കി ഓഫീസർമാരെ പൂർണമായും റോഡ് സുരക്ഷയ്ക്ക് നിയോഗിക്കണമെന്നാണ് കേന്ദ്രനിർദേശം. 2021ൽ ഇതിനായി കേന്ദ്രനിയമം പ്രാബല്യത്തിൽ വന്നെങ്കിലും ഇതുവരെ കേരളത്തിൽ നടപടിയായിട്ടില്ല.