മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണം ഏഴിന്
Thursday, December 5, 2024 2:01 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: നിയുക്ത കർദിനാൾ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ഏഴിന് ഇറ്റാലിയന്‍ സമയം വൈകുന്നേരം നാലിന് (ഇന്ത്യന്‍ സമയം രാത്രി എട്ടര) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ ബസിലിക്കയില്‍ ആരംഭിക്കും.
ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ ജോര്‍ജ് കൂവക്കാട്ട് ഉള്‍പ്പെടെ 21പേര്‍ക്കാണ് കര്‍ദിനാള്‍ പദവിയുടെ സ്ഥാനചിഹ്നങ്ങള്‍ നല്‍കുന്നത്. തുടര്‍ന്ന് നവകര്‍ദിനാള്‍മാര്‍ മാര്‍പാപ്പയെ വത്തിക്കാന്‍ കൊട്ടാരത്തില്‍ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങും.
എട്ടിന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നിന് നവകര്‍ദിനാള്‍മാര്‍ മാര്‍പാപ്പയോടൊത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ തോമസ് തറയിലും മാര്‍ ജോസഫ് പെരുന്തോട്ടവും അതിരൂപതാംഗങ്ങളായ ഏതാനും വൈദികരും സഹകാര്‍മികരായിരിക്കും.
ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധിസംഘം ഇന്ന് വത്തിക്കാനിലേക്ക് പുറപ്പെടും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, കൂരിയ അംഗങ്ങളായ മോണ്‍. ആന്റണി എത്തക്കാട്ട്, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, മോണ്‍. ജോണ്‍ തെക്കേക്കര, ചാന്‍സലര്‍ റവ.ഡോ. ജോര്‍ജ് പുതുമനമൂഴി, റവ.ഡോ. ഐസക്ക് ആലഞ്ചേരി, പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, റവ.ഡോ. ജയിംസ് പാലയ്ക്കല്‍ എന്നിവരാണ് പ്രതിനിധിസംഘത്തിലുള്ളത്.
ഒന്‍പതിന് റോമില്‍ ചങ്ങനാശേരി അതിരൂപതാ വൈദിക സന്യസ്ത സംഗമം നടക്കും. കര്‍ദിനാള്‍ സ്ഥാനാരോഹണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തുന്ന ചങ്ങനാശേരി അതിരൂപതയിലെ വൈദികരുടെയും സന്യസ്തരുടെയും സംഗമമാണ് മാര്‍ തോമസ് തറയില്‍ റോമില്‍ വിളിച്ചുചേര്‍ത്തിരിക്കുന്നത്.