സ്കൂൾ കുട്ടികൾക്കുള്ള പോഷകാഹാര പദ്ധതി മുടങ്ങുന്നു
Saturday, July 20, 2024 2:12 AM IST
തിരുവനന്തപുരം: സ്കൂൾ കൂട്ടികൾക്ക് ജൂണിൽ വിതരണം ചെയ്ത മുട്ടയ്ക്കും പാലിനും ചെലവായ പണം സംസ്ഥാന സർക്കാർ അനുവദിക്കാത്തതിനാൽ സ്കൂളുകളിലെ പോഷകാഹാര പദ്ധതി പ്രതിസന്ധിയിലേക്ക്. പ്രധാനാധ്യാപകരുടെ കടബാധ്യത വീണ്ടും വർധിച്ച സാഹചര്യത്തിൽ കൂടുതൽ ബാധ്യതയിലേക്ക് കടക്കേണ്ടതില്ലെന്നാണു തീരുമാനം.
പ്രധാനാധ്യാപകരെ പദ്ധതിച്ചുമതലയിൽനിന്ന് ഒഴിവാക്കുക, നിരക്കു വർധിപ്പിക്കുക, പോഷകാഹാര പദ്ധതിക്കു പ്രത്യേക തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനാധ്യാപക സംഘടനയായ കെപിപിഎച്ച്എ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദം നടന്നുകൊണ്ടിരിക്കേ, കഴിഞ്ഞമാസം നിരക്കു പുതുക്കി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം പ്രീ-പ്രൈമറി, എൽപി വിഭാഗത്തിന് ലഭിച്ചിരുന്ന ആദ്യസ്ലാബായ എട്ടു രൂപ, ഈ അധ്യയന വർഷം മുതൽ ആറു രൂപയായി കുറച്ചു.
150 കുട്ടികൾ വരെ എട്ട്, അതിനുമേൽ 500 വരെ ഏഴ്, 500നു മേൽ ആറു രൂപ എന്ന സ്ലാബിലാണ് മുന്പ് അനുവദിച്ചിരുന്നത്. പോഷകാഹാര പദ്ധതിയായ മുട്ട, പാൽ വിതരണത്തിന്, പ്രത്യേകം തുക അനുവദിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചതു പ്രകാരം ഇതുവരെയും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന പ്രതിഷേധവുമുണ്ട്.
സ്ലാബ് സന്പ്രദായം നിർത്തലാക്കി, 2022 ഒക്ടോബറിൽ കേന്ദ്രസർക്കാർ അനുവദിച്ച 8.17 രൂപയാണ് പുതിയ ഉത്തരവ് പ്രകാരം യുപി ക്ലാസുകൾക്ക് അനുവദിച്ചത്. അധ്യയന വർഷം ആരംഭിച്ചു രണ്ടുമാസമായിട്ടും പദ്ധതി നടത്തിപ്പു സംബന്ധിച്ച നിർദേശമടങ്ങിയ സർക്കുലറും പുറപ്പെടുവിച്ചില്ല. ഇതുമൂലം പദ്ധതി അവതാളത്തിലായി.
പോഷകാഹാര പദ്ധതിക്ക് പ്രത്യേക തുക അനുവദിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കണമെന്നും ഉച്ചഭക്ഷണ നിരക്ക് കുട്ടി ഒന്നിന് മുട്ടയും പാലും അടക്കം 15 രൂപയായി വർധിപ്പിക്കണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദും ജനറൽ സെക്രട്ടറി ജി. സുനിൽകുമാറും ആവശ്യപ്പെട്ടു.