‘കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാരോട് സ്നേഹത്തോടെ പെരുമാറണം’; ജീവനക്കാർക്ക് നിർദേശങ്ങളുമായി മന്ത്രി
Wednesday, May 29, 2024 1:43 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാരോട് സ്നേഹത്തോടെ പെരുമാറണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഗതാഗത മന്ത്രി ജീവനക്കാർക്ക് നിർദേശങ്ങൾ നൽകിയത്.
കെഎസ്ആർടിസിയുടെ യജമാനൻ യാത്രക്കാരാണ്. അവരോട് സ്നേഹത്തോടെ പെരുമാറണം. കെഎസ്ആർടിസിയിലെയും സ്വിഫ്റ്റിലെയും കണ്ടക്ടർമാർ ഇക്കാര്യം ശ്രദ്ധിക്കണം. ഇത് ശ്രദ്ധിച്ചാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
യാത്രക്കാരോട് മര്യാദയുള്ള ഭാഷ ഉപയോഗിക്കണം. വൃദ്ധരായ അമ്മമാർ, കുഞ്ഞുങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരോട് കൂടുതൽ കരുതൽ കാണിക്കണം. യാത്രക്കാർ തമ്മിലുള്ള ബന്ധം എന്താണെന്ന് അന്വേഷിക്കേണ്ട കാര്യം കണ്ടക്ടർക്കില്ല.
ജീവനക്കാർ മദ്യപിച്ചു ഡ്യൂട്ടിക്ക് വരരുത്. മദ്യത്തിന്റെ ദുർഗന്ധം യാത്രക്കാർക്ക് സഹിക്കാനാവില്ല. മദ്യപിച്ചെത്തുന്നതിലൂടെ ജീവനക്കാർ പൊതുജനത്തിനു മുന്നിൽ തങ്ങൾക്കുള്ള വില കളയരുത്. രാത്രികാലങ്ങളിൽ എട്ടു മണി കഴിഞ്ഞാൽ സ്ത്രീകൾക്ക് ഇറങ്ങേണ്ട സ്ഥലങ്ങളിൽ ബസ് നിർത്തി ക്കൊടുക്കണം.
സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള ബസുകൾ ഇതു പാലിക്കണം. ഇതിന്റെ പേരിൽ ഏതെങ്കിലും ഉദ്യോഗസ്ഥൻ ജീവനക്കാർക്കെതിരേ നടപടി എടുത്താൽ അയാൾക്കെതിരേ താൻ നടപടി എടുക്കാമെന്നും മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ബസുകൾ സമയത്തിന് പുറപ്പെടണം. കൃത്യസമയത്ത് ഓടിയെത്തണം. അഞ്ചോ പത്തോ മിനിറ്റിൽ കൂടുതൽ വൈകാൻ പാടില്ല. നിരനിരയായി വണ്ടികൾ ഒരേ റൂട്ടിൽ പോകാൻ പാടില്ല. അങ്ങനെയുണ്ടായാൽ ഇക്കാര്യം മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തണം. ഇത് വിലയിരുത്താനും പരിഹരിക്കാനുമുള്ള സാങ്കേതികവിദ്യ ആറു മാസത്തിനുള്ളിൽ കെഎസ്ആർടിസി ബസുകളിൽ നടപ്പിലാക്കും. അതു വരെ കണ്ടക്ടർമാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ കാണിക്കണം.
റോഡിൽനിന്ന് കൈ കാണിക്കുന്ന എല്ലാവരെയും വണ്ടിയിൽ കയറ്റണം. സ്വിഫ്റ്റിലെ ജീവനക്കാരുടെ പെരുമാറ്റത്തെ ക്കുറിച്ച് ചില പരാതികൾ വരുന്നുണ്ട്. ചെറുപ്പക്കാരായ സ്വിഫ്റ്റ് ജീവനക്കാരാണ് യാത്രക്കാരോട് കൂടുതൽ മാന്യമായി പെരുമാറേണ്ടത്. ഇത് മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗമായി കാണണം. ഇക്കാര്യത്തിൽ ന്യായം പറയരുതെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാർക്ക് ഒരാശങ്കയും വേണ്ടെന്നും വൈകാതെതന്നെ ശന്പളം ഒന്നാം തീയതി നൽകുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.
അതിന്റെ അടിസ്ഥാനത്തിലാണ് താൻ ഉറപ്പു പറയുന്നത്. എല്ലാവരും സ്നേഹത്തോടെ ഒരുമിച്ചു മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും മന്ത്രി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.