“ജനവികാരം എൽഡിഎഫിനും എൻഡിഎയ്ക്കും എതിരേ”
Saturday, April 13, 2024 1:21 AM IST
പാലക്കാട്: കേരളത്തില്‍ എല്‍ഡിഎഫിനും കേന്ദ്രത്തില്‍ എന്‍ഡിഎയ്ക്കും എതിരേയുള്ള വികാരം ശക്തമാണെന്നും ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല.
കേന്ദ്രത്തില്‍ ഇന്ത്യ മുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞതവണ നഷ്ടമായ 65 ശതമാനം വോട്ട് ഉറപ്പിച്ചാണ് ഇന്ത്യാ മുന്നണിക്കു രൂപംകൊടുത്തിട്ടുള്ളത് ബിജെപിക്കാവട്ടെ കഴിഞ്ഞതവണ 35 ശതമാനം വോട്ടുമാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ 20ല്‍ 20 സീറ്റും യുഡിഎഫ് നേടും. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിലും ഇന്ത്യാ മുന്നണിക്കു വ്യക്തമായ മുന്നേറ്റം ഉണ്ടാവും. രാജസ്ഥാന്, മധ്യപ്രദേശ്, ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ആളുകളെ കബളിപ്പിച്ചാണ് മോദി ഭരണം നടത്തുന്നത്. മോദി തരംഗം എന്നൊന്നില്ലെന്നും ജനങ്ങളെ ഭയപ്പെടുന്നതുകൊണ്ടാണ് പൗരത്വഭേദഗതി ബില്ലുമായി എന്‍ഡിഎ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പത്തുവര്‍ഷക്കാലത്തെ മോദിഭരണം കൊണ്ട് രാജ്യത്തു ദുരിതങ്ങള്‍ മാത്രമാണ് ഉണ്ടായത്. മോദിയുടെ ഒരു ഗാരന്റിയും പൂര്‍ത്തീകരിച്ചിട്ടില്ല. രണ്ടു കോടി ആളുകള്‍ക്കു ജോലി കൊടുക്കുമെന്നു പറഞ്ഞു. കര്‍ഷകര്‍ക്കു വരുമാനം വര്‍ധിപ്പിക്കുമെന്നു വാഗ്ദാനം നല്കി.
വിദേശത്തുള്ള കള്ളപ്പണം കണ്ടെത്തി ഓരോ ഇന്ത്യക്കാരനും 15 ലക്ഷം രൂപ വീതം നല്കുമെന്നു ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. രാജ്യത്ത് 100 സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിച്ച് ഐടി ഹബ്ബാക്കി മാറ്റും, എയിംസ് മാതൃകയില്‍ രാജ്യത്തുടനീളം ആശുപത്രികള്‍ കൊണ്ടുവരും. ഇങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴയാണ് മോദി നിരത്തിയത്. പത്തുവര്ഷകൊണ്ട് വര്‍ഗീയത ആളിക്കത്തിക്കാന്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചതെന്നുംചെന്നിത്തല കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, സച്ചിന് പൈലറ്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസ്ഥാനം സന്ദര്‍ശിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്, മുന്‍ എംപി വി.എസ്. വിജയരാഘവന്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പി. ബാലഗോപാല്‍ എന്നിവരും പങ്കെടുത്തു.
“പാനൂരിലെ ബോംബ് സ്ഫോടനം എന്‍ഐഎ അന്വേഷിക്കണം”
പാനൂരില്‍ ഉണ്ടായ ബോംബ് സ്ഫോടനം എന്‍ഐഎ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. തീവ്രവാദ സ്വഭാവം ഉള്ളതുകൊണ്ടുതന്നെ കേരള പോലീസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ വെളിച്ചത്തുവരില്ല.
സ്ഫോടനം ഉണ്ടായതുമുതല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയഭീതി മൂലമാണ് സിപിഎം ഇത്തരത്തില്‍ അക്രമം നടത്തുന്നത്. അഴിമതിയും അക്രമവും നടത്തുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആലപ്പുഴ ജില്ലയില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് പാര്‍ട്ടിയുടെ അറിവോടെ ആണെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. കൊലപാതകവും അക്രമവും അഴിമതിയും ധൂര്‍ത്തുമാണ് സിപിഎമ്മിന്റെ മുഖമുദ്ര.
അഴിമതിപ്പണം പാര്‍ട്ടി അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. അതാണ് പാര്‍ട്ടി അക്കൗണ്ട് മരവിപ്പിക്കാന്‍ ഇടയാക്കിയത്. സംസ്ഥാനം ഇത്രയേറെ സാമ്പത്തിക തകര്‍ച്ചയ്ക്ക് വഴിവച്ചതിനു കാരണക്കാരന്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് പിന്തുടര്‍ന്ന നയങ്ങളാണ്. മസാല ബോണ്ട് ഉള്‍പ്പെടെയുള്ളവ ഇതിനു വഴിവച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് മുക്ത ഭരണമാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം. അതുകൊണ്ടാണ് സിപിഎമ്മിനെ ബിജെപി പിന്തുണയ്ക്കുന്നത്. പിണറായി വിജയന് നടത്തുന്ന അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ബിജെപി. ഈ സഹായമാണ് കഴിഞ്ഞതവണ എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ പിണറായി വിജയനെതിരേ അന്വേഷണം നടക്കാത്തതും ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് മൂലമാണ്. മോദിയെയും അമിത്ഷായേയും വിമര്‍ശിക്കാന്‍ പിണറായി താല്പര്യം കാണിക്കാറില്ല. മോദിയെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണിത്. സിപിഎമ്മിന് അധികാരത്തില്‍ തുടരണമെങ്കില്‍ ബിജെപിയുടെ പിന്തുണ അനിവാര്യമാണെന്നും ഇതാണ് ഇവര്‍ തമ്മിലുള്ള ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുവയ്ക്കാനാണ് വികാരപരമായ വിഷയങ്ങള്‍ ഇപ്പോള്‍ സിപിഎം ഉയര്‍ത്തികാട്ടുന്നത്. പൗരത്വഭേദഗതി ബില്ലിന്റെ കാര്യത്തില്‍ പിണറായി വിജയന് ഒളിച്ചോടുകയാണ്. കേരളത്തില്‍ ഭരണം നടക്കുന്നില്ല. ശമ്പളം കൊടുക്കാനും പെന്ഷന് കൊടുക്കാനും സര്‍ക്കാരിന് കഴിയുന്നില്ല. വികസനകാര്യങ്ങളെക്കുറിച്ച് ശ്രദ്ധ ചെലുത്തുന്നുമില്ല. ഭരണസ്തംഭനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.
പറമ്പിക്കുളം-അളിയാര്‍ വെള്ളത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. വെള്ളം ലഭ്യമാവാത്തതിനെത്തുടര്‍ന്ന് ഏക്കറുകണക്കിന് കൃഷിയാണ് നശിച്ചുപോയത്. ഇവിടത്തെ ജനജീവിതംതന്നെ ദുസ്സഹമാണ്.
രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ഇനി ഉണ്ടാവാന്‍ പോകുന്നതെന്ന് അധികൃതര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതെങ്ങനെ അതിജീവിക്കുമെന്നറിയാതെ ജനങ്ങളും ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ അടിയന്തര നടപടി ഉണ്ടാവണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.