പോഷകസംഘടനയല്ലെങ്കിൽ പിന്നെ ഡിവൈഎഫ്ഐ ബോംബ് നിർമാണ ഫാക്ടറിയോ?
Friday, April 12, 2024 2:08 AM IST
കോഴിക്കോട്: സിപിഎമ്മിന്റെ പോഷകസംഘടനയല്ലെങ്കിൽ പിന്നെ ഡിവൈഎഫ്ഐ ബോംബ് നിർമാണ ഫാക്ടറിയാണോയെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.
ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷകസംഘടന അല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടു വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തൊട്ടടുത്ത മണ്ഡലത്തിൽ മത്സരിക്കുന്ന ഡിവൈഎഫ്ഐ നേതാവ് വസീഫിനെ റീൽസ് ഇടാൻ മാത്രമാണോ സിപിഎം സഹായിക്കുന്നത്? ആ വ്യക്തി മത്സരിക്കുന്നത് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ അല്ലേയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
പാനൂർ സ്ഫോടനത്തിൽ പുറത്തുവരുന്ന വിവരങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. ഡിവൈഎഫ്ഐ നേരത്തേ ആക്രി പെറുക്കിയിരുന്നു. ഇതിൽനിന്ന് ലഭിച്ച കുപ്പിച്ചില്ലും ആണിയുമെല്ലാം ഉപയോഗിച്ചാണോ ബോംബ് ഉണ്ടാക്കിയതെന്ന് സംശയമുണ്ട്. യുഡിഎഫ് നേതാക്കളെ ലക്ഷ്യമിട്ടാണ് ബോംബ് നിർമാണം.
പിണറായി പറഞ്ഞത് രക്ഷാപ്രവർത്തനം എന്നാണ്. എങ്കിൽ നിരപരാധികളെ പ്രതിചേർക്കാൻ മാത്രം കഴിവുകെട്ടവരാണോ പിണറായിയുടെ പോലീസെന്ന് രാഹുൽ ചോദിച്ചു.
സിപിഎം തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് മത്സരരംഗത്തുനിന്ന് പിന്മാറണമെന്നു വാർത്താസമ്മേളനത്തിൽ പങ്കെടുത്ത യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.