വേനല്‍മഴ ചതിച്ചു 71 ശതമാനത്തിന്റെ കുറവ്
Friday, April 12, 2024 2:08 AM IST
കൊച്ചി: സംസ്ഥാനത്ത് ഇക്കുറിയും വേനല്‍മഴയില്‍ വലിയ കുറവ്. മാര്‍ച്ച് ഒന്നു മുതല്‍ കഴിഞ്ഞ പത്തു വരെ 71 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണ ലഭിക്കേണ്ടിയിരുന്നത് 481.2 മില്ലിമീറ്റര്‍ മഴയാണ്.
എന്നാല്‍ ഈ കാലയളവില്‍ ലഭിച്ചതാകട്ടെ 303.8 മില്ലിമീറ്റര്‍ മഴ. ചൂട് കനക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും ചൂട് 40 ഡിഗ്രി സെല്‍ഷസ് പിന്നിടുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കു പുറമെ കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലാണ് കുറഞ്ഞ മഴ ലഭിച്ചിട്ടുള്ളത്. കണ്ണൂരും കാസര്‍ഗോഡും വേനല്‍മഴയില്‍ 99 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ പാലക്കാട് 97 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ് 64.3 മില്ലിമീറ്റര്‍. 60.5 മില്ലിമീറ്റര്‍ മഴ ലഭിച്ച കോട്ടയമാണു രണ്ടാമത്. തിരുവനന്തപുരത്ത് 52.4 മില്ലിമീറ്റര്‍ മഴ ലഭിച്ചു (34 ശതമാനം മഴയുടെ കുറവ്). കൊല്ലം 46.5 (54), ആലപ്പുഴ 41.9 (53), ഇടുക്കി 7.2 (92), എറണാകുളം 39.4 (48), തൃശൂര്‍ 6.6 (86) എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ലഭിച്ച മഴയും കുറവും.
വേനല്‍മഴ പെയ്യുന്ന ഇടങ്ങളില്‍ ശക്തമായ കാറ്റും ഇടിയോടുകൂടിയ മഴയുമാണ് പെയ്യുന്നത്. ഇടിമിന്നല്‍ ജാഗ്രതാ മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ചൂട് കൂടിയതിനു പിന്നാലെ പനി ഉള്‍പ്പെടെ വേനല്‍ക്കാല ചര്‍മരോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.