കേന്ദ്രവിഹിതമെത്തിയിട്ടും ശന്പളവും പെൻഷനും മുടങ്ങി
Saturday, March 2, 2024 12:54 AM IST
തിരുവനന്തപുരം: കേന്ദ്രവിഹിതം എത്തിയതിനു പിന്നാലെ ഓവർഡ്രാഫ്റ്റിലായിരുന്ന ട്രഷറിക്കു താത്കാലിക മോചനമായെങ്കിലും സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒന്നാം തീയതി ശന്പളവും പെൻഷനും മുടങ്ങി.
മാസത്തിലെ ആദ്യദിനം ശന്പളവും പെൻഷനും അക്കൗണ്ടിൽ എത്തിയിരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് പതിവു മുടങ്ങിയത്. ടിഎസ്ബി അക്കൗണ്ട് ഉള്ള ഏതാനും പെൻഷൻകാർക്കു മാത്രമാണ് പെൻഷൻ ലഭിച്ചത്. ഇതോടെ സംസ്ഥാനം അതീവ ഗുരുതര സാന്പത്തിക പ്രതിസന്ധിയെയാണു നേരിടുന്നതെന്നു വ്യക്തമായി.
സെക്രട്ടേറിയറ്റിലേത് അടക്കമുള്ള ജീവനക്കാർക്ക് സാധാരണ മാസത്തിലെ ആദ്യ പ്രവൃത്തി ദിനംതന്നെ ശന്പളമെത്തുകയാണു പതിവ്. കഴിഞ്ഞ നാലു ദിവസമായി ട്രഷറി ഓവർ ഡ്രാഫ്റ്റിലായിരുന്നെങ്കിലും ഇന്നലെ കേന്ദ്രത്തിൽനിന്ന് 4,000 കോടിയോളം രൂപ ലഭിച്ചതോടെ ട്രഷറി സ്തംഭനമൊഴിവായെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാൻ സമയമെടുക്കുമെന്നതിനാൽ ശന്പളവും പെൻഷനും അക്കൗണ്ടുകളിലേക്കു നൽകാനായില്ല.
ഒന്നാം തീയതി വിതരണം ചെയ്യേണ്ട ശന്പള ബില്ലുകൾ ട്രഷറിയിൽ നിന്ന് പാസാക്കിയതായി ട്രഷറി അധികൃതർ പറയുന്നു. ശന്പളവും പെൻഷനും എത്തേണ്ട ഇടിഎസ്ബി അക്കൗണ്ട് നിശ്ചലമായതിനെ തുടർന്നാണു ശന്പളം ലഭിക്കാൻ കാലതാമസം നേരിട്ടത്. ശന്പളവും ജീവനക്കാരുടെ ഇടിഎസ്ബി അക്കൗണ്ടിലേക്കാണ് ആദ്യമെത്തുന്നത്. അവിടെ നിന്നാണ് ബാങ്ക് അക്കൗണ്ടിലേക്കു പോകേണ്ടത്.
പെൻഷൻ പിടിഎസ്ബി അക്കൗണ്ടിലേക്കാണു പോകേണ്ടത്. സാധാരണ ഒന്നാം തീയതി രാവിലെ 11ഓടെ പിടിഎസ്ബി അക്കൗണ്ടിൽ തുകയെത്തുകയാണു പതിവ്.
എന്നാൽ, ഇന്നലെ രാവിലെ നോക്കിയ പലരുടെയും പിടിഎസ്ബി അക്കൗണ്ടുതന്നെ മരവിപ്പിച്ച നിലയിലായിരുന്നു. ഇന്നോ നാളെയോ ഇടിഎസ്ബി, പിടിഎസ്ബി അക്കൗണ്ടുകളിൽ പണമെത്തുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, ശന്പളവും പെൻഷനും ബാങ്ക് അക്കൗണ്ടിൽ നിന്ന് മാറുന്നവർക്ക് പണം ലഭിക്കാൻ മൂന്നു ദിവസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം.
കേന്ദ്രത്തിൽനിന്ന് വ്യാഴാഴ്ച രാത്രിയോടെ നികുതിവിഹിതത്തിൽനിന്ന് 2736 കോടി രൂപയും ഐജിഎസ്ടി വിഹിതമായി ഇന്നലെ രാവിലെയോടെ 1386 കോടിയോളം രൂപയും സംസ്ഥാനത്തിനു ലഭിച്ചു. ഇതുപയോഗിച്ച് അടിയന്തര ചെലവുകൾ നടത്താനാണു തീരുമാനം.
സംസ്ഥാനത്താകെ ആറു ലക്ഷത്തോളം പെൻഷൻകാരും ഇത്രത്തോളം ജീവനക്കാരുമാണുള്ളത്. സാന്പത്തികവർഷത്തിന്റെ അവസാന മാസമായ മാർച്ച് കടന്നുപോകണമെങ്കിൽ പദ്ധതിച്ചെലവ് അടക്കം 23,000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് ധനവകുപ്പിന്റെ കണക്ക്.
പെട്രോൾ, ഡീസൽ, മദ്യം തുടങ്ങിയവയുടെ വില്പന നികുതി വരുമാനം അടക്കം സംസ്ഥാനത്തിനു വരും ദിവസങ്ങളിൽ ലഭിക്കും. ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ടു രജിസ്ട്രേഷൻ വകുപ്പിൽ നിന്നും ലോട്ടറിയിൽനിന്നുള്ള വരുമാനവും ലഭിക്കുന്നതു വഴി തുക കണ്ടെത്താനാകുമെന്നാണു പ്രതീക്ഷ.
കേന്ദ്രസഹായമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കൽ: ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് പ്രത്യേക സാന്പത്തിക സഹായം അനുവദിച്ചതായ പ്രചാരണം തെറ്റിദ്ധരിപ്പിക്കലാണെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
നികുതി വിഹിതമായി 2736 കോടി രൂപയും ഐജിഎസ്ടിയുടെ സെറ്റിൽമെന്റായി 1386 കോടി രൂപയുമാണ് ലഭ്യമാക്കിയത്. സാധാരണ ഗതിയിൽതന്നെ ബജറ്റ് അനുസരിച്ച് ഗഡുക്കളായി സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട നികുതി വിഹിതമാണിവ.
കേന്ദ്ര സർക്കാർ സംസ്ഥാനത്തുനിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതി തുകയുടെ വിഹിതമായാണ് 2736 കോടി രൂപ തന്നത്. കേന്ദ്ര നികുതി വിഹിതം മാസ ഗഡുവായാണ് അനുവദിക്കുന്നത്. ഇത്തവണയും ആ തുകയാണ് ലഭ്യമാക്കിയത്. കേരളത്തിന് മാത്രമല്ല, എല്ലാ സംസ്ഥാനത്തിനും ആനുപാതിക വിഹിതം ലഭിച്ചിട്ടുണ്ട്.
അന്തർ സംസ്ഥാന ചരക്ക് നീക്കത്തിനും സേവനത്തിനും ഈടാക്കുന്ന ഐജിഎസ്ടി കേന്ദ്ര ഖജനാവിലാണ് എത്തുക. ഇത് സംസ്ഥാനങ്ങൾക്ക് വിഭിജിച്ചു നൽകുന്നതാണ് രീതി. സംസ്ഥാനത്തിന് അവകാശപ്പെട്ട ഐജിഎസ്ടി വിഹിതം അനുവദിച്ചതും കേന്ദ്ര സഹായമല്ലെന്നും അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.