ലോകായുക്ത : രാഷ്ട്രപതി ഒപ്പിട്ട ഫയൽ സർക്കാരിലേക്ക് അയച്ച് ഗവർണർ
Saturday, March 2, 2024 12:54 AM IST
തിരുവനന്തപുരം: അഴിമതി നിരോധന സംവിധാനമായ ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താൻ നിർദേശിച്ചുകൊണ്ടുള്ള രാഷ്ട്രപതി അനുമതി നൽകിയ ബിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതേപടി സർക്കാരിന് അയച്ചു കൊടുത്തു.
ബില്ലിന് രാഷ്ട്രപതി അനുമതി നൽകിയ സാഹചര്യത്തിൽ ഗവർണർ ഒപ്പുവയ്ക്കേണ്ടതില്ലെന്നും വിജ്ഞാപനം ഇറക്കാമെന്നും ഫയലിൽ കുറിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ചു കൊടുത്തത്.
ഇതോടൊപ്പം സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കുന്നതിനുള്ള ബിൽ ഉൾപ്പെടെ നിയമസഭ പാസാക്കിയ മൂന്നു സർവകലാശാല ബില്ലുകളും സർക്കാരിലേക്ക് അയച്ചിട്ടുണ്ട്.
ഈ ഫയലുകളും ഗവർണർ, മുഖ്യമന്ത്രിക്കാണ് അയച്ചത്. സേർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതും സർവകലാശാലാ അപ്പലേറ്റ് ട്രൈബ്യൂണൽ നിയനരീതിയിൽ മാറ്റം വരുത്തുന്നതും സംബന്ധിച്ച ബില്ലുകളാണു മറ്റുള്ളവ.