കേരള മീഡിയ കോൺക്ലേവ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Saturday, March 2, 2024 12:54 AM IST
തിരുവനന്തപുരം: കേരള മീഡിയ അക്കാദമി, ഐ ആൻഡ് പിആർഡിയുടെയും കേരള പത്രപ്രവർത്തക യൂണിയന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘കേരള മീഡിയ കോൺക്ലേവ്- 24’ ഇന്റർനാഷണൽ ജേർണലിസം ഫെസ്റ്റിവൽ മാർച്ച് 2, 3, 4 തീയതികളിൽ കാക്കനാട് കേരള മീഡിയ അക്കാദമി കാന്പസിൽ നടക്കും. ‘മീഡിയ കോൺക്ലേവ്’’ മാർച്ച് രണ്ടിന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേരള മീഡിയ അക്കാദമിയുടെ 2023ലെ മീഡിയ പേഴ്സൺ ഓഫ് ദ- ഇയർ അവാർഡ് ജേതാവ് വയേൽ അൽ ദഹ്ദൂഹ്, വേൾഡ് പ്രസ് ഫോട്ടോഗ്രഫി അവാർഡ് നേടിയ കാശ്മീരി ഫോട്ടോ ജേർണലിസ്റ്റ് സന ഇർഷാദ് മട്ടു, ഇന്ത്യൻ മീഡിയ പേഴ്സൺ സ്പെഷൽ അവാർഡ് നേടിയ മാധ്യമ പ്രവർത്തകൻ ആർ. രാജഗോപാൽ എന്നിവർക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങൾ സമ്മാനിക്കും.
കേരള മീഡിയ കോൺക്ലേവ് 2, 3, 4 തീയതികളിൽ നടക്കുന്ന ഇന്റർനാഷണൽ ജേർണലിസം ഫെസ്റ്റിവൽ ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്നുരാവിലെ 11ന്് ‘മലയാള പത്ര പ്രവർത്തനം 175 വർഷം’ എന്ന വിഷയത്തെ അധികരിച്ച് സെഷൻ നടക്കും.
ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസം ചെയർമാൻ ശശികുമാർ, മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്കർ, അക്കാദമി മുൻ ചെയർമാൻമാരായ തോമസ് ജേക്കബ്, കെ. മോഹനൻ, എസ്.ആർ. ശക്തിധരൻ, എൻ.പി. രാജേന്ദ്രൻ , സെർജി ആന്റണി എന്നിവരും മാധ്യമ നിരീക്ഷകൻ ഡോ. സെബാസ്റ്റ്യൻ പോൾ, മുതിർന്ന മാധ്യമപ്രവർത്തകൻ കെ.സി. നാരായണൻ, ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ രാജേന്ദ്രൻ, അക്കാദമി ജനറൽ കൗൺസിൽ അംഗം പി.പി. ശശീന്ദ്രൻ എന്നിവരും പ്രസംഗിക്കും.