മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീര്‍, പൊന്നാനിയില്‍ സമദാനി
Thursday, February 29, 2024 2:28 AM IST
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ രാഷ്ട്രീയകാര്യ സമിതി ചെയര്മാന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ രാമനാഥപുരം ഉൾപ്പെടെ മൂന്നു സീറ്റിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്.
മലപ്പുറത്ത് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയില്‍ മുസ്ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസമദ് സമദാനിയും മത്സരിക്കും. ഇരുവരും സീറ്റ് വച്ചുമാറുകയായിരുന്നു. തമിഴ്നാട്ടിലെ രാമനാഥപുരത്ത് സിറ്റിംഗ് എംപിയായ നവാസ് ഗനിയെത്തന്നെയാണ് രംഗത്തിറക്കുന്നത്.
ഇന്നലെ പാണക്കാട്ട് ചേര്‍ന്ന മുസ്ലിം ലീഗ് പാര്‍ലമെന്ററി യോഗത്തിനു ശേഷമായിരുന്നു സ്ഥാനാര്‍ഥിപ്രഖ്യാപനം. കേരളത്തില്‍ അടുത്ത ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ മുസ്ലിം ലീഗ് മത്സരിക്കുമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
കോണ്‍ഗ്രസ് - മുസ്ലിം ലീഗ് ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. രാജ്യസഭയിലേക്ക് ആരു മത്സരിക്കുമെന്നതു ചര്‍ച്ച ചെയ്തിട്ടില്ലെന്നും സമയമാകുമ്പോള്‍ തീരുമാനമുണ്ടാകുമെന്നും സാദിഖലി പറഞ്ഞു.
“കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഐക്യജനാധിപത്യ മുന്നണിയുടെ വിജയത്തിനായി യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്ന നാളുകളാണ് ഇനിയുള്ളത്. മുസ്ലിം ലീഗ് ഏറെ മുന്നേറിക്കഴിഞ്ഞു. ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി ആസൂത്രണത്തോടെയാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.
അതിന്റെ തിളക്കമാര്‍ന്ന വിജയം മുന്നണിക്കുണ്ടാകും. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധേയമായ പാര്‍ട്ടിയാണ്. ദേശീയ രാഷ്ട്രീയത്തില്‍ മികച്ച ഇടപടല്‍ നടത്താനും രാജ്യത്തിന്റെ പുരോഗതിക്കും മതേതര പാരമ്പര്യത്തിനും കരുത്താകാനും മുസ്ലിം ലീഗിനായിട്ടുണ്ട്”-സാദിഖലി തങ്ങള്‍ പറഞ്ഞു.
പ്രഫ. കെ.എം. ഖാദര്‍ മൊയ്തീന്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം.എ. അബൂബക്കര്‍, നവാസ് ഗനി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുള്‍ വഹാബ്, എം.പി. അബ്ദുസമദ് സമദാനി, പി.എം.എ. സലാം, കെ.പി.എ. മജീദ്, എം.കെ. മുനീര്‍, അബ്ബാസലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.