ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയുടെ വീടിനു സമീപം ബോംബ് സ്ഫോടനം
Thursday, February 29, 2024 2:28 AM IST
തലശേരി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയുടെ വീടിനു സമീപം ബോംബ് സ്ഫോടനം. പ്രദേശത്തെ വായനശാല തകർത്തു. രണ്ടു കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ റീത്തുവച്ചു. കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുന്നോത്തുപറമ്പ് കടുങ്ങാം പൊയിലിലാണ് സംഭവം.
ടി.പി. കേസിലെ പന്ത്രണ്ടാം പ്രതി ജ്യോതിബാബുവിന്റെ വീടിന്റെ പരിസരത്തെ ഇടവഴിയിലാണു ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ സ്ഫോടനം നടന്നത്. വിചാരണക്കോടതി വെറുതെ വിട്ട ജ്യോതിബാബുവിനെ ഗൂഢാലോചനക്കുറ്റം ചുമത്തി ഹൈക്കോടതി കഴിഞ്ഞ ദിവസം ജീവപര്യന്തം ശിക്ഷിച്ചിരുന്നു.
വീടിനു തൊട്ടടുത്ത പ്രദേശത്തുള്ള ഗ്രാമദീപം വായനശാലയും തകർക്കപ്പട്ടു. മീത്തലെ കുന്നോത്തുപറമ്പ് കടുങ്ങാംപൊയിലിൽ രണ്ടു കോൺഗ്രസ് പ്രവർത്തകരുടെ വീടിനു മുന്നിൽ റീത്ത് വച്ചു. കടുങ്ങാംപൊയിലിലെ കോൺഗ്രസ് പ്രവര്‍ത്തകരായ ചിറക്കരാണ്ടിയിമ്മൽ പദ്മനാഭൻ, വേങ്ങാട്ടേരി അർജുൻ എന്നിവരുടെ വീടിന് മുന്നിലാണ് റീത്ത് വച്ചത്. “നിന്റെ നാളുകൾ എണ്ണപ്പെട്ടു” എന്ന കുറിപ്പോടെയാണ് റീത്ത്.
വായനശാലയിലെ ടിവി, കാരംസ് ബോർഡ്, ട്രോഫികൾ എന്നിവയും നശിപ്പിച്ചു. ഇതിന് സമീപത്തെ ഇടവഴി ബോംബിട്ടു നശിപ്പിച്ചിട്ടുണ്ട്. കെ.പി. മോഹനൻ എംഎൽഎ സംഭവ സ്ഥലം സന്ദർശിച്ചു. സ്ഫോടനം ഉൾപ്പെടെ നടന്ന സാഹചര്യത്തിൽ പോലീസ് കനത്ത ജാഗ്രതയിലാണ്. സംഭവത്തിൽ കൊളവല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.