കോൺഗ്രസ് പരാജയത്തിനു കാരണം ബദൽ രാഷ്ട്രീയം ഇല്ലാത്തത്: എം.വി. ഗോവിന്ദൻ
Tuesday, December 5, 2023 2:47 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ടുവയ്ക്കാനായില്ലെന്നും ഇതാണു പരാജയത്തിനു കാരണമായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രാഷ്ട്രീയമായ പരാജയമാണു കോണ്‍ഗ്രസിനുണ്ടായത്.
ജനകീയ മുദ്രാവാക്യങ്ങൾ കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. ബദൽ രാഷ്ട്രീയം വയ്ക്കാതെ കോണ്‍ഗ്രസിനു ബിജെപിക്കു ബദലാകാൻ സാധിക്കില്ല. സംഘടനാ ദൗർബല്യവും കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണമായെന്നും ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടു തന്നെയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസും സ്വീകരിച്ചത്. അവിടെ ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുന്നതിനു കോണ്‍ഗ്രസിനു സാധിച്ചില്ല. ഇങ്ങനെയുള്ള ഒരു പാർട്ടിക്ക് ബിജെപി വിരുദ്ധ നിലപാട് പ്രചരിപ്പിക്കാൻ സാധിക്കില്ല.
രാജസ്ഥാനിൽ സിപിഎം സ്ഥാനാർഥികൾ സിറ്റിംഗ് സീറ്റുകളിൽ പരാജയപ്പെടാനുള്ള കാരണം കോണ്‍ഗ്രസ് ബിജെപിക്കു വോട്ടുമറിച്ചു നൽകിയതാണെന്നും ഗോവിന്ദൻ പറഞ്ഞു. മുസ് ലിം ലീഗിനെ ഇടതുമുന്നണിയിൽ എടുക്കുന്ന കാര്യം സിപിഎം അജൻഡയിലില്ല. ലീഗില്ലാതെ കേരളത്തിൽ കോണ്‍ഗ്രസിനു നിൽക്കാൻ കഴിയില്ല.
ഇവിടെ യുഡിഎഫിന്റെ നട്ടെല്ല് ലീഗാണ്. ലീഗില്ലാതെ തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസ് എങ്ങനെ മത്സരിക്കുമെന്നു ചിന്തിച്ചുനോക്കണം. രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കരുതെന്നു സിപിഎം പറയില്ല. അതു കോണ്‍ഗ്രസാണു ചിന്തിക്കേണ്ടതെന്നും ഗോവിന്ദൻ പറഞ്ഞു.