ഡോ. വന്ദന ദാസിന്റെ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മാറ്റി
Tuesday, December 5, 2023 2:46 AM IST
കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ജസ്റ്റീസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി മാറ്റിയത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസും ടി. വസന്തകുമാരിയും നല്കിയ ഹർജിയില്‍ പ്രതിയായ സന്ദീപ് കക്ഷി ചേര്‍ന്നിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്കായി മേയ് പത്തിന് പോലീസ് കൊണ്ടുവന്നപ്പോഴാണ് കൊല്ലം താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്.
സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്നും ഇതു മറച്ചുവച്ചാണ് അന്വേഷണം നടത്തുന്നതെന്നുമാണ് വന്ദനയുടെ മാതാപിതാക്കളുടെ ആരോപണം.
അതേസമയം, കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.