നവകേരള സദസിന് ഫണ്ട് കണ്ടെത്താന്‍ കളക്ടര്‍മാര്‍: ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഫയലില്‍
Tuesday, December 5, 2023 2:46 AM IST
കൊച്ചി: നവകേരള സദസിന് ഫണ്ട് കണ്ടെത്താന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെണെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനും പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയുമായ ജോളിമോന് കാലായിലാണ് ഹര്‍ജി നല്‍കിയത്.
ഹർജിയില്‍ സര്ക്കാരക്കം എതിര് കക്ഷികളുടെ വിശദീകരണം തേടിയ കോടതി നാളെ പരിഗണിക്കാന്‍ മാറ്റി. 140 നിയമസഭാ മണ്ഡലങ്ങളിലും സ്പോണ്‍സര്‍ഷിപ്പിലൂടെ ചെലവ് കണ്ടെത്തിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസ് നടത്തുന്നത്.
സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതിന് ജില്ലാ കളക്ടര്‍മാര്‍ ജനപ്രതിനിധികളുമായും ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തണമെന്ന് സര്‍ക്കാര്‍ ഒക്ടോബര്‍ 16ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ സ്പോണ്‍സര്‍ഷിപ്പ് സംഘടിപ്പിക്കുന്നത് അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
ചട്ട പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാടുള്ളൂ. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.