കുസാറ്റ് ദുരന്തം: ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു ഹൈക്കോടതിയില്‍
Tuesday, December 5, 2023 2:46 AM IST
കൊച്ചി: കുസാറ്റില്‍ കഴിഞ്ഞമാസം 25ന് സംഗീത നിശയ്ക്കിടെ ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.
കുറ്റക്കാരായ സര്‍വകലാശാല രജിസ്ട്രാര്‍, യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍, സെക്യൂരിറ്റി ഓഫീസര്‍ എന്നിവര്‍ക്കെതിരേ ഇതുവരെ നടപടി ഉണ്ടായിട്ടില്ലന്നാരോപിച്ചാണ് ഹര്‍ജി. കേരളത്തിലെ സര്‍വകലാശാല കാമ്പസില്‍ ആദ്യമായാണ് തിക്കിലും തിരക്കിലും പെട്ടുള്ള മരണം സംഭവിക്കുന്നത്.
അതിനാല്‍ ഗൗരവത്തോടെ ഇക്കാര്യത്തില്‍ സര്‍ക്കാരിനും നിയമസഭയ്ക്കും വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കുകയും വേണമെന്നാണ് ആവശ്യം. സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പലിന്റെ സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് സര്‍വകലാശാല അധികൃതര്‍ അവഗണിച്ചത് ദുരന്തത്തിന് ആക്കം കൂട്ടി.
ദുരന്തശേഷം അദ്ദേഹത്തെ ബലിയാടാക്കി സസ്പെന്‍ഡ് ചെയ്ത് അന്വേഷണം മുന്നോട്ടുകൊണ്ടു പോകുന്നത് സിന്‍ഡിക്കേറ്റ് ഉപസമിതിയിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലമാണ്.
2015ലെ തിരുവനന്തപുരം സിഎടി എന്‍ജിനീയറിംഗ് കോളജ് ഓണാഘോഷത്തിനിടെ ജീപ്പ് അപകടം സംബന്ധിച്ച് ഹൈക്കോടതി വിധിന്യായത്തില്‍ സര്‍വകലാശാലകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളെ പറ്റി പറയുന്നുണ്ട്. ഇത് കുസാറ്റ് അധികൃതര്‍ പാലിച്ചില്ലെന്നുമാണ് ആരോപണം.