നവകേരള സദസ് വിവാദം വീണ്ടും; കടകളിൽ ദീപാലങ്കാരം വേണമെന്ന്
Tuesday, December 5, 2023 2:46 AM IST
പെരുമ്പാവൂർ: നവകേരള സദസുമായി ബന്ധപ്പെട്ട് ഉത്തരവുകളും നിർദേശങ്ങളും വിവാദങ്ങളുടെ പെരുമഴ തീർക്കുന്പോൾ ലേബർ ഓഫീസറുടെ വക പുതിയ വിവാദവും.
പെരുമ്പാവൂരിലെ കടകളിൽ ദീപാലങ്കാരം വേണമെന്നാണ് നിർദേശം. സ്കൂൾ മതിൽ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ഡിസംബർ പത്തിനാണ് പെരുമ്പാവൂരിൽ നവകേരള സദസ്. ഒന്പത്, 10 തീയതികളിൽ നഗരത്തിലെ കടകളിൽ ദീപാലങ്കാരം വേണമെന്നാണ് ലേബർ ഓഫീസറുടെ നിർദേശം. നവകേരള സദസ് കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു നിർദേശമെന്നാണ് ലേബർ ഓഫീസർ പറയുന്നത്.
ലേബർ ഓഫീസർ രേഖാമൂലം കത്ത് നൽകുകയാണെങ്കിൽ കമ്മിറ്റിയിൽ ചർച്ച ചെയ്യാമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ പറഞ്ഞു.
പല രാഷ്ട്രീയ കക്ഷികൾ ഉള്ള സംഘടനയിൽ ഒറ്റയ്ക്ക് തീരുമാനിക്കാൻ കഴിയില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ലേബർ ഓഫീസറുടെ നിർദേശത്തോട് മർച്ചന്റ്സ് അസോസിയേഷന് വിയോജിപ്പാണുള്ളത്.