സോളാര്‍ ഓവനുമായി റിസ രാഗേഷ്
Monday, December 4, 2023 1:36 AM IST
തിരുവനന്തപുരം: സൂര്യപ്രകാശം കൊണ്ട് സസ്യങ്ങള്‍ക്കു മാത്രമല്ല മനുഷ്യര്‍ക്കും ഭക്ഷണം പാകം ചെയ്യാന്‍ കഴിയും. പറയുന്നത് ഇടുക്കി സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് എച്ച്എസ്എസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ റിസാ രാഗേഷാണ്.
പറയുക മാത്രമല്ല സ്വന്തമായി നിര്‍മിച്ച സോളാര്‍ ഓവനില്‍ റിസ അതു കാണിച്ചു തരികയും ചെയ്യും. സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയിലാണ് ഈ കൊച്ചുമിടുക്കിയുടെ ശ്രദ്ധേയമായ കണ്ടുപിടിത്തം തരംഗമായത്.
ഇരുമ്പുകൊണ്ടു നിര്‍മിച്ച സ്റ്റാന്‍ഡിനു മുകളില്‍ കുട മലര്‍ത്തി വച്ചതുപോലെ രൂപ കല്പന ചെയ്ത ഡിഷ്. അലുമിനിയം ഫോയില്‍ കൊണ്ടു പൊതിഞ്ഞ ഡിഷില്‍ നിന്നും പ്രകാശ രശ്മികള്‍ പ്രതിഫലിക്കും.
കണ്ണാടി പ്രതിഫലിപ്പിക്കുന്നതിനേക്കാള്‍ തീവ്രതയോടെ പ്രകാശ രശ്മികളെ പ്രതിഫലിപ്പിക്കാന്‍ അലൂമിനിയം ഫോയിലിനു കഴിയുമെന്ന സയന്‍സാണ് ഇവിടെ പ്രയോഗിക്കുന്നത്. ഇത്തരത്തില്‍ പ്രതിഫലിക്കുന്ന പ്രകാശം ഡിഷിനു മുകളിലായി പ്രത്യേക സ്റ്റാൻഡില്‍ സ്ഥാപിച്ചിട്ടുള്ള പാത്രത്തില്‍ തട്ടുകയും പാത്രം ചൂടാവുകയും ചെയ്യും.
പിന്നെ പാചകം വെരി ഈസി. പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ പാചകത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ചിന്തയാണ് സോളാര്‍ ഓവന് നിര്‍മിക്കുക എന്ന ചിന്തയിലേക്ക് എത്തിയതെന്ന് റിസ പറയുന്നു. ഉപജില്ലയിലും ജില്ലയിലും എ ഗ്രേഡ് സ്വന്തമാക്കിയാണ് റിസ ശാസ്ത്രമേളയ്ക്കെത്തിയത്.