കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പൊരുത്തക്കേടുകൾ നിരവധി
Monday, December 4, 2023 1:36 AM IST
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് എന്തൊക്കെയോ ഒളിപ്പിക്കുന്നു എന്ന സംശയം ബലപ്പെടുന്നു. പിടിയിലായവർ പറയുന്നത് അതേപടി ആവർത്തിക്കുക മാത്രമാണ് പോലീസ് ചെയ്യുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.
മൂക്കിനു താഴെത്തന്നെ ഉണ്ടായിരുന്ന പ്രതികൾ വീടും പൂട്ടി തെങ്കാശിക്ക് പോകേണ്ടി വന്ന സാഹചര്യമെന്ത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. പോലീസ് പിന്തുടരുന്നത് ഇവർ എങ്ങനെ അറിഞ്ഞു എന്നതും ഗൗരവമേറിയ ചോദ്യമാണ്. കൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവർ കൊല്ലം ജില്ല വിട്ടുപോയിട്ടില്ലെന്നും അവർ നഗരത്തിൽ തന്നെ ഉണ്ടെന്നുമായിരുന്നു ആവർത്തിച്ചുള്ള ഭാഷ്യം. ഒടുവിൽ അവർ അന്യ സംസ്ഥാനത്തേക്കും കടന്നു.
കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം അനിതകുമാരിയും പദ്മകുമാറും രണ്ട് ഓട്ടോറിക്ഷകളിൽ കയറിയിട്ടുണ്ട്. ഇവ കണ്ടെത്താനും സാധിച്ചില്ല. പ്രതികളെ തിരിച്ചറിഞ്ഞ് ഓട്ടോ ഡ്രൈവർമാരാരും രംഗത്തു വന്നിട്ടുമില്ല. പദ്മകുമാർ കാറിന് രണ്ട് വ്യാജ നമ്പർ പ്ലേറ്റുകൾ സംഘടിപ്പിച്ചിരുന്നു. ഇതു നിർമിച്ചു നൽകിയ സ്ഥാപനത്തിനും വ്യക്തിക്കും എതിരേ കേസും എടുത്തിട്ടില്ല.
കുട്ടിയെ കണ്ടെത്തുക എന്നതിനാണ് മുന്തിയ പരിഗണന നൽകിയതെന്നും പറയുന്നു. പക്ഷേ അതിൽ ലക്ഷ്യം കാണാൻ പോലീസിനു കഴിഞ്ഞതുമില്ല. തട്ടിക്കൊണ്ടുപോകൽ നടന്ന സമയത്ത് പ്രതികൾ തങ്ങളുടെ ഒരു മൊബൈൽ നമ്പർ രേഖപ്പെടുത്തിയ കത്ത് കുട്ടിയുടെ സഹോദരനു കൈമാറാൻ ശ്രമിച്ചിരുന്നു.
പിടിവലിക്കിടെ കാറിൽ വീണ കത്ത് പിന്നീട് കത്തിച്ചു എന്ന് പറയുന്നതും വിശ്വസനീയമല്ല. കത്ത് കൈമാറാൻ ശ്രമിക്കവേ കാറിൽ ഉണ്ടായിരുന്നവർ കുട്ടിയുടെ മുത്തച്ഛന്റെയും മുത്തശിയുടെയും പേരുകൾ അടക്കം പറഞ്ഞിരുന്നു. ഈ പേരുകൾ പ്രതികൾ എങ്ങനെ മനസിലാക്കി എന്നതും പ്രസക്തമായ ചോദ്യമാണ്.
തട്ടിക്കൊണ്ടുപോകലിന് ഏതാനും ദിവസം മുമ്പ് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അതേകാർ പള്ളിക്കൽ മൂതല ഭാഗത്ത് സംശകരമായ സാഹചര്യത്തിൽ കാണപ്പെടുകയുണ്ടായി. റോഡിൽ ഒറ്റയ്ക്ക് നിൽക്കുന്ന പെൺകുട്ടിക്ക് സമീപം എത്തി വേഗത കുറയ്ക്കുന്നതും പിന്നീട് മുമ്പോട്ട് പോയശേഷം തിരികെ വരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ മറുപടി ഒട്ടും തൃപ്തികരമല്ല. മറ്റൊരു വാഹനം കടന്നുപോകാൻ കാർ ഒതുക്കി നിർത്തിയെന്നാണ് വിശദീകരണം.
തട്ടിക്കൊണ്ടുപോകലിനു ശേഷം അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് ആദ്യം ഒരു കോളും പിന്നീട് പത്തു ലക്ഷം ആവശ്യപ്പെട്ട് രണ്ടാമതൊരു കോളും വന്നതായാണ് കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നത്. അനേ്വഷണ ഉദ്യോഗസ്ഥർ പറയുന്നത് പത്തു ലക്ഷം ആവശ്യപ്പെട്ട ഒരു കോൾ മാത്രമേയുള്ളൂവെന്നാണ്.
കുളമടയിലെ കടയിൽ എത്തിയ പുരുഷന്റെ രേഖാചിത്രം ഒന്നാം പ്രതി പദ്മകുമാറുമായി പൊരുത്തപ്പെടുന്നില്ല. ഇക്കാര്യം കടയുടമയായ സ്ത്രീതന്നെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ കടയിൽ വന്ന പുരുഷൻ ആരാകും എന്ന ചോദ്യവും ഉയരുന്നു.
കാറിൽ രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് കുട്ടിയുടെ സഹോദരന്റെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥർ റിയൽ ഹീറോ എന്ന് വിശേഷിപ്പിച്ച സഹോദരന്റെ മൊഴിയിൽ പറയുന്ന നാലാമൻ ആര് എന്നതിനും കൃത്യമായ ഉത്തരം ഇല്ല. വീട്ടിൽ രണ്ട് ആന്റിമാരെയും ഒരു പുരുഷനെയും കൂടാതെ വേറെയും ആൾക്കാർ ഉണ്ടായിരുന്നതായും കുട്ടി മൊഴി നൽകിയിരുന്നു. ഇവർ ആരൊക്കെ എന്നും പറയാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.
കുട്ടിയെ തട്ടിയെടുത്ത ദിവസം വെള്ള, നീല കാറുകൾക്ക് പിന്നാലെ അകമ്പടി ബൈക്കുകൾ ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തലും അന്വേഷണ ഉദ്യോഗസ്ഥർ ഗൗരവമായി എടുത്തിട്ടില്ല. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചു എന്നാണ് ഇതിൽനിന്ന് ലഭിക്കുന്ന സൂചനകൾ. കോടികളുടെ ആസ്തിയുള്ള കുടുംബം കേവലം പത്തുലക്ഷം രൂപയ്ക്കായി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിലപേശൽ നടത്തുമെന്ന് കരുതുക വയ്യ.
പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും
ചാത്തന്നൂർ: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻഡിൽ ജയിലിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി കൊട്ടാരക്കരകോടതിയിൽ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്കിയേക്കും.
അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. ചാത്തന്നൂർ മാമ്പള്ളിക്കുന്നു കവിത രാജിൽ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് റിമാൻഡിൽ കഴിയുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം തിങ്കളാഴ്ച രാത്രി താമസിച്ച ചിറക്കര ഒഴുകുപാറ തെങ്ങു വിളയിലെ ഫാം ഹൗസ്, കിഴക്കനേലയിൽ ഓട്ടോയിലെത്തി സാധനങ്ങൾ വാങ്ങിയ കട, കുട്ടിയെ കൊണ്ടുപോയി കൊല്ലം ആശ്രാമത്ത് ഉപേക്ഷിച്ച വഴികൾ എന്നിവിടങ്ങളിലെല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തും.
കുട്ടിയെ രാത്രി കാർട്ടൂൺ കാണിച്ച കേസിലെ പ്രധാന തെളിവായ ലാപ്ടോപ്പും കണ്ടെടുക്കേണ്ടതുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന വിഷയം. സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾ ആരൊക്കെയാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.
സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾ ഇപ്പോൾ റിമാന്റിലുളള പത്മകുമാറിന്റെ ഭാര്യയും മകളുമാണോ എന്നതും പരിശോധിക്കേണ്ടിയിരിക്കുന്നു. കസ്റ്റഡിയിൽ ലഭിച്ചാൽ അന്നുതന്നെ തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം.
അടുപ്പക്കാരോട് സൗമ്യതയും ഉള്ളിൽ ക്രൂരതയുമായി അനിതകുമാരി
ചാത്തന്നൂർ: അടുപ്പമുള്ളവരോട് വളരെയേറെ സൗമ്യമായും മാന്യതയോടും പെരുമാറുന്ന വ്യക്തിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻഡിലായ അനിതകുമാരി. ഒരു ഘട്ടത്തിൽ ചാത്തന്നൂരിലെ പത്രം ഓഫീസുകളിലെ സന്ദർശകയുമായിരുന്നു.
വസ്തു വില്പനയ്ക്ക് എന്ന പരസ്യം മിക്ക ആഴ്ചകളിലും പത്രങ്ങൾക്ക് കൊടുത്തിരുന്നു. പത്മകുമാറിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസുകൾ വർഷങ്ങൾക്ക് മുമ്പേ നിയന്ത്രിച്ചിരുന്നത് അനിതകുമാരിയായിരുന്നു. പത്മകുമാറിന്റെ ചാത്തന്നൂരിലെ വാവാസ് ബേക്കറി എന്ന സ്ഥാപനം നിയന്ത്രിക്കുന്നതും അനിതകുമാരിയാണ്.
അടുപ്പമുള്ളവരോട് മാന്യമായി പെരുമാറുമെങ്കിലും സ്വന്തം കുടുംബത്തിൽ നിന്നു ശരിക്കും അകന്നു കഴിയുകയായിരുന്നു. അമ്മയോടു പോലും ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് കുണ്ടറയിലെ ഒരു ജനപ്രതിനിധി സാക്ഷ്യപ്പെടുത്തുന്നു.
കുണ്ടറ ഇളമ്പള്ളൂർ കന്യാക്കുഴിയിലാണ് അനിതയുടെ അമ്മയുടെ കുടുംബ വീട്. മാതാവ് മാത്രമാണ് അവിടെ താമസിക്കുന്നത്. വർഷങ്ങളായി അമ്മയുമായോ ഏകസഹോദരനുമായോ ഒരു ബന്ധവുമില്ല. കുടുംബ വസ്തുവുമായി ബന്ധപ്പെട്ട വിഷയമാണ് അകൽച്ചയ്ക്ക് കാരണമായി അറിയുന്നത്.
പിതാവ് മരിച്ചപ്പോൾ പോലും അനിത ആ വീട്ടിലെത്തിയില്ല. മാതാവിന്റെ ആരോഗ്യസ്ഥിതി മോശമായപ്പോൾ അവരുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് അറിയിക്കാൻ ജനപ്രതിനിധികൾ അനിതയുടെ വീട്ടിലെത്തിയിരുന്നു.
മാതാവിനെ മർദ്ദിക്കുകയും മധ്യസ്ഥതയ്ക്ക് പോയവരെ അസഭ്യം പറയുകയും ചെയ്തു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോയില്ലെങ്കിൽ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ജനപ്രതിനിധികൾ പറയുന്നത്.
പുറമേ പുഞ്ചിരിയും മനസിനുള്ളിൽ കുടില ബുദ്ധിയുമുള്ള ഇരട്ട വ്യക്തിത്വത്തിനുടമയാണ് അനിത എന്നാണ് വ്യക്തമാകുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ മാസ്റ്റർ ബ്രയിൻ അനിതയുടേതാണെന്ന് എഡിജിപി അജിത് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.
ആഡംബര ജീവിതം നയിക്കുന്ന ഈ കുടുംബം ആവശ്യമില്ലാത്ത അടുപ്പം ആരോടും പുലർത്താറില്ല. എന്നാൽ അകൽച്ചയുമില്ല എന്ന ശൈലിയിലായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ ലക്ഷ്യം ഇപ്പോഴും ദുരൂഹമാണ്. പോലീസിന്റെ വിശദീകരണം ജനങ്ങളെ തൃപ്തരാക്കുന്നതല്ല.
ഓയൂരിൽനിന്നു തട്ടിക്കൊണ്ടുപോയ പെൺകുട്ടി വീണ്ടും സ്കൂളിലേക്ക്
ചാത്തന്നൂർ: ഓയൂർ ഓട്ടുമലയിൽ നിന്നു തട്ടിക്കൊണ്ടുപോവുകയും പിന്നെ കൊല്ലം ആശ്രാമം മൈതാനിയിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്ത പെൺകുട്ടി വീണ്ടും സ്കൂളിലേക്ക്. കുട്ടിക്കിപ്പോൾ മാനസിക-ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും തിങ്കളാഴ്ച കഴിഞ്ഞ് കുട്ടിയെയും സഹോദരനെയും സ്കൂളിലേക്കയയ്ക്കുമെന്നും മാതാപിതാക്കൾ ദീപികയോട് പറഞ്ഞു.
സ്വകാര്യാശുപത്രിയിലെ ജീവനക്കാരായ കുട്ടിയുടെ പിതാവും അമ്മയും സംഭവത്തിനു ശേഷം ജോലിക്കുപോയിത്തുടങ്ങിയിട്ടില്ല. ഈ ആഴ്ച തന്നെ അവരും ജോലിക്കു പോകാനാണ് തീരുമാനം. പലതവണ വിളിച്ചു വിവരങ്ങൾ ശേഖരിച്ച പോലീസ് നടപടിയിൽ വിഷമമില്ലെന്നും അതൊക്കെ അന്വേഷണത്തിന്റെ ഭാഗമല്ലേ എന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.