രാഹുല്‍ ഗാന്ധി നാളെ കൊച്ചിയില്‍; ഉത്സാഹ് സംസ്ഥാന കണ്വന്ഷന് ഉദ്ഘാടനം ചെയ്യും
Thursday, November 30, 2023 1:15 AM IST
കൊച്ചി: വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി രാഹുല്‍ ഗാന്ധി എംപി നാളെ കൊച്ചിയിലെത്തും.
രാവിലെ 11നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഇന്ത്യയെ വീണ്ടെടുക്കാന്‍ പെണ്‍കരുത്ത് രാഹുല്‍ ഗാന്ധിക്കൊപ്പം’എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കുന്ന ഉത്സാഹ് കണ്വന്ഷന് എറണാകുളം മറൈന്‍ഡ്രൈവില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് നെറ്റ ഡിസൂസ, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയവര്‍ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്യും. 14 ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്.
ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ടൗണ്‍ ഹാളില്‍ സുപ്രഭാതം ദിനപത്രത്തിന്റെ 10-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.
ഗതാഗത ക്രമീകരണം
നാളെ നടക്കുന്ന ഉത്സാഹ് കണ്‍വന്‍ഷനോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള വാഹനങ്ങള്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട്, ഫോര്‍ഷോര്‍ റോഡ്, വില്ലിംഗ്ടണ്‍ ഐലന്‍ഡ് റോഡുകളുടെ വശങ്ങളിലും കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള വാഹനങ്ങള്‍ കണ്ടെയ്നര്‍ റോഡ്, വല്ലാര്‍പാടം പള്ളി ഗ്രൗണ്ട് എന്നിവിടങ്ങളിലും കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള റോഡുകളുടെ വശങ്ങളിലുമാണ് പാര്‍ക്ക് ചെയ്യേണ്ടത്.