രാജീവ് ചന്ദ്രശേഖറിനെതിരായ കേസ്; 14 വരെ കര്‍ശനനടപടി വിലക്കി കോടതി
Thursday, November 30, 2023 1:15 AM IST
കൊച്ചി: കളമശേരി ബോംബ് സ്ഫോടനത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിസംബര്‍ 14 വരെ കര്‍ശന നടപടിയുണ്ടാകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
കേസ് റദ്ദാക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് സി.എസ്. ഡയസാണ് നിര്‍ദേശം നല്‍കിയത്. കര്‍ശന നടപടികളുണ്ടാവില്ലെന്നു സര്‍ക്കാര്‍ മറുപടി നല്കിയതു രേഖപ്പെടുത്തിയ സിംഗിള്‍ബെഞ്ച് ഹര്‍ജി ഡിസംബര്‍ 14ലേക്ക് മാറ്റി.
ഒക്ടോബര്‍ 29നാണ് കളമശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ ബോംബ് സ്ഫോടനമുണ്ടായത്. ഇതിനു രണ്ടു ദിവസം മുമ്പ് പലസ്തീനു പിന്തുണയഭ്യര്‍ഥിച്ച് ഹമാസിന്റെ മുന്‍ ചീഫ് ഖാലിദ് മാഷല്‍ മലപ്പുറത്തെ ഒരു സമ്മേളനത്തില്‍ ഓണ്‍ലൈനില്‍ പ്രസംഗിച്ചിരുന്നു.
ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ സംസ്ഥാന സര്‍ക്കാരിനെയാണ് വിമര്‍ശിച്ചതെന്നും എഫ്ഐആറില്‍ പറയുന്നതുപോലെ മതസൗഹാര്‍ദം തകര്‍ത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖറിന്റെ ഹര്‍ജിയില്‍ പറയുന്നു.
കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി. സരിന്റെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് എടുത്തത്. കൊച്ചി സിറ്റി സൈബര്‍ സെല്‍ ഇന്‍സ്പെക്ടറുടെ പരാതിയില്‍ ഇതേ സ്റ്റേഷനില്‍ സമാന വിഷയത്തില്‍ മറ്റൊരു കേസും തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടന്ന് ഹര്ജിക്കാരന് വ്യക്തമാക്കുന്നു.