കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ഗോകുലം ഗോപാലനില്നിന്നു മൊഴിയെടുത്തു
Thursday, November 30, 2023 1:15 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ അനില്‍ കുമാറിന്റെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ഏതാനും വിവരങ്ങള്‍ തേടുന്നതിനായി പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മൊഴി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) രേഖപ്പെടുത്തി.
ബാങ്കില്‍നിന്നു ബിനാമി ഇടപാടിലൂടെ കോടികള്‍ തട്ടിയ കേസില്‍ അനില്‍കുമാര്‍ പ്രതിയാണ്. ഇയാളുടെ നിക്ഷേപങ്ങളുടെ വിവരങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.
ഗോകുലത്തിന്റെ ചിട്ടിയില്‍ നാലുകോടിയോളം രൂപ നിക്ഷേപിച്ചിട്ടുള്ള അനില്‍കുമാറും കരുവന്നൂര്‍ കേസിലെ പ്രതി അനില്‍കുമാറും ഒരാളാണോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി അനില്‍കുമാറിന്റെ ഇടപാടുകളെക്കുറിച്ച് ഗോകുലത്തിന്റെ പക്കലുള്ള വിവരങ്ങള്‍ അറിയുന്നതിനുവേണ്ടിയാണ് ഇന്നലെ ഗോകുലം ഗോപാലനെ ഇഡി സമന്‍സ് നല്കി വിളിച്ചുവരുത്തി മൊഴിയെടുത്തത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി തനിക്കു ബന്ധമൊന്നുമില്ലെന്നും അനില്കുമാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണു തന്നെ വിളിപ്പിച്ചതെന്നും ഗോകുലം ഗോപാലന് പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.