പ്രതികൾ കാണാമറയത്ത്
Wednesday, November 29, 2023 2:02 AM IST
കൊല്ലം: അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയതു മുതൽ തിരികെ ഉപേക്ഷിച്ചു കടന്നതു വരെയുള്ള കാര്യങ്ങളിൽ അജ്ഞാത സംഘം അതിവിദഗ്ധമായി ആസൂത്രണം നടത്തിയപ്പോഴും പോലീസിന് അവരെ കുടുക്കാനായില്ല.
കുട്ടി രക്ഷപ്പെട്ടതിന്റെ ക്രെഡിറ്റ് പൂർണമായി അവകാശപ്പെടാനും പോലീസിനാവില്ല. അന്വേഷണം ഊർജിതമാക്കി തട്ടിപ്പുസംഘത്തിന് നിൽക്കക്കള്ളിയില്ലാതാക്കാനായി എന്നേ ഇതുവരെ പോലീസിന് അവകാശപ്പെടാനാവൂ. എന്നാൽ പോലീസ് തലങ്ങും വിലങ്ങും റോന്തുചുറ്റുന്നതിനിടയിലാണ് നഗരമധ്യത്തിൽ കുട്ടിയെ ഉപേക്ഷിച്ച് തട്ടിക്കൊണ്ടുപോയവർ കൂളായി രക്ഷപ്പെട്ടത്.
പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നീങ്ങിയപ്പോൾ സംഘം കാമറകൾ ഇല്ലാത്ത മേഖലകളിലൂടെ സഞ്ചരിച്ചു. അന്വേഷണ സംഘം വെള്ളനിറത്തിലെ കാറുകളിൽ മാത്രം പരിശോധനകൾ ഒതുക്കിയപ്പോൾ പ്രതികൾ വാഹനം മാറി സഞ്ചാരം തുടർന്നു. പിന്നീട് അവർ യാത്ര ഓട്ടോറിക്ഷയിലാക്കി. സംഘത്തിലുള്ള ആരും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം അടഞ്ഞ അധ്യായമായി.
മോചനദ്രവ്യം ആവശ്യപ്പെട്ട് യുവതി കുട്ടിയുടെ അമ്മയെ വിളിച്ചതു മാത്രം സൈബർ സെൽ മുഖാന്തിരം ഉടൻ അറിയാനായി.തട്ടിക്കൊണ്ടു പോകലിന്റെ അവസാന ഭാഗത്തും സംഘം തങ്ങളുടെ മിടുക്ക് പ്രകടിപ്പിച്ചു.
പോലീസ് കൊല്ലം നഗരം മുഴുവൻ പരിശോധനകൾ നടത്തിയപ്പോഴും സംഘത്തിലെ യുവതി ഓട്ടോറിക്ഷകൾ മാറിക്കയറി ടൗണിൽ ചുറ്റിക്കറങ്ങിയതായാണു വിവരം.
ഒടുവിൽ തിരക്കേറിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ലിങ്ക് റോഡിൽനിന്ന് അവർക്ക് ഓട്ടോയിൽ ആശ്രാമം മൈതാനിയിലും എത്താൻ കഴിഞ്ഞു. സംഘത്തിലെ മറ്റുള്ളവർ യുവതിയെയും കുട്ടിയെയും പിന്തുടരുകയും ചെയ്തതായി കരുതുന്നു.