മജിസ്ട്രേറ്റിനെതിരേ പ്രതിഷേധം ; 29 അഭിഭാഷകര്‍ക്കെതിരേ കോടതിയലക്ഷ്യക്കേസ്
Wednesday, November 29, 2023 2:02 AM IST
കൊച്ചി: കോട്ടയത്ത് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റിനെതിരേ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തില്‍ കോട്ടയം ബാര്‍ അസോസിയേഷന് പ്രസിഡന്റ് കെ.എ. പ്രസാദ്, സെക്രട്ടറി ടോമി കെ. ജയിംസ് എന്നിവരുള്‍പ്പെടെ 29 അഭിഭാഷകര്‍ക്കെതിരേ ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസ് എടുത്തു.
ഇതിന്റെ ഭാഗമായി കോടതിയലക്ഷ്യക്കേസിന്റെ പകര്‍പ്പ് കോടതിയലക്ഷ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പിന് നല്കാന് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹൈക്കോടതി രജിസ്ട്രിക്കു നിര്‍ദേശം നല്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.
ഒരു കേസില്‍ പ്രതിക്കു ജാമ്യം ലഭിക്കുന്നതിന് വ്യാജരേഖ ഹാജരാക്കിയെന്ന ആരോപണത്തില്‍ പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകനെതിരേ കേസെടുക്കാന്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണു അഭിഭാഷകര്‍ മജിസ്ട്രേറ്റിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മജിസ്ട്രേറ്റിനെതിരേയുള്ള പ്രതിഷേധത്തിന്റെയും മുദ്രാവാക്യം വിളിയുടെയും ദൃശ്യങ്ങളും മജിസ്ട്രേറ്റ് നല്കിയ റിപ്പോര്‍ട്ടും പരിഗണിച്ചാണു കോടതി ഈ വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചത്.
അഭിഭാഷകര്‍ക്കെതിരേയുള്ള ആരോപണം ഗൗരവമുള്ളതാണെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തേ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് കേരള ബാര്‍ കൗണ്‍സില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു.