ബാങ്ക് ലോണിന്റെ പേരിൽ കർഷകന് മർദനം; പരിക്കേറ്റ് ബാങ്ക് മാനേജരും ആശുപത്രിയിൽ
Wednesday, November 29, 2023 12:56 AM IST
കരുവഞ്ചാൽ: കാർഷിക കടം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ബാങ്ക് മാനേജരുടെ നേതൃത്വത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. വായാട്ടുപറമ്പിലെ റോബിൻ ജേക്കബി(43) നാണ് മർദനമേറ്റത്.
വീട്ടുമുറ്റത്തുവച്ച് വാക്കേറ്റത്തിനിടയിൽ കരുവഞ്ചാലിലെ ഒരു പ്രമുഖ സ്വകാര്യബാങ്കിന്റെ മാനേജർ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് മർദിച്ചതെന്നാണ് പരാതി. മൂക്കിന് ഗുരുതര പരിക്കേറ്റ റോബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തർക്കത്തിനിടെ പരിക്കേറ്റ ബാങ്ക് മാനേജർ കരുവഞ്ചാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതുസംബന്ധിച്ച് ഇരുവരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് റോബിൻ പറയുന്നത് ഇങ്ങനെ:- ഡിസംബർ അഞ്ചിനാണ് വായ്പയുടെ കാലാവധി തീരുന്നത്. ഇത് മാനേജർ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് രണ്ടുദിവസത്തിനുള്ളിൽ ലോൺ പുതുക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കാമെന്ന് അറിയിച്ചു. എന്നാൽ കഴിഞ്ഞദിവസം വൈകുന്നേരം മാനേജർ വീട്ടിലെത്തുകയായിരുന്നു. തുടർന്നാണ് വാക്കേറ്റവും മർദനവും ഉണ്ടായത്. മൂക്കിൽ രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് പ്രഥമ ശുശ്രൂഷയ്ക്കു ശേഷം റോബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
എന്നാൽ റോബിന്റെ നേതൃത്വത്തിൽ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ബാങ്ക് മാനേജർ വിഷ്ണു പറഞ്ഞു. റോബിന്റെ അമ്മയുടെ പേരിൽ സ്ഥലം ഈടുവച്ച് വായ്പയെടുത്തിരുന്നു.
ഇത് പുതുക്കുന്നതിന്റെ രേഖകൾ നൽകുന്നതുമായി ബന്ധപ്പെട്ട് റോബിനും ബാങ്ക് അധികൃതരും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതേച്ചൊല്ലിയുള്ള വാക്കേറ്റത്തിൽ റോബിന്റെ നേതൃത്വത്തിൽ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് ബാങ്ക് മാനേജർ വിഷ്ണു പറയുന്നത്.