നദികളിലെ മണൽവാരൽ: നിയമ ഭേദഗതിക്കായി കമ്മിറ്റിയെ നിയോഗിച്ചു
Wednesday, November 29, 2023 12:56 AM IST
കോഴിക്കോട്: നദികളിൽ ക്രമാതീതമായി മണൽ അടിഞ്ഞുകൂടുന്നത് വെള്ളപ്പൊക്കം അടക്കമുള്ള ദുരന്തങ്ങൾക്കു കാരണമാകുന്നുവെന്ന വാദം ശക്തമാകുന്നതിനിടെ, നിലവിലുള്ള മണൽ വാരൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ചെയർപേഴ്സണായ ഏഴംഗ സമിതിയാണ് ഭേദഗതികൾ ശിപാർശ ചെയ്യേണ്ടത്.
കേരള പ്രൊട്ടക്ഷൻ ഓഫ് റിവർ ബാങ്ക്സ് ആൻഡ് റെഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് 2001, കേരള പ്രൊട്ടക്ഷൻ ഓഫ് റിവർ ബാങ്ക്സ് ആൻഡ് റെഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് റൂൾസ് 2002 എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ശിപാർശകളാണ് സമിതി സമർപ്പിക്കുക. ലാൻഡ് റവന്യൂ കമ്മീഷണർ സമർപ്പിച്ച പ്രോജക്ട് പരിഗണിച്ചാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്.
2018 മുതൽ പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിൽ കേരളം അതിശക്തമായ വെള്ളപ്പൊക്കക്കെടുതിക്കിരയായതിനെ തുടർന്നാണ്, നദികളിൽ അടിഞ്ഞുകൂടിയ മണലാണ് വില്ലനെന്ന വാദം ശക്തമായത്.
കേരളത്തിൽ അനിയന്ത്രിതമായ മണൽ വാരൽ വ്യാപകമായതിനെത്തുടർന്നാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി 2010ൽ സമർപ്പിച്ച റിപ്പോർട്ടിൽ അനധികൃത മണൽ വാരൽ മൂലമുണ്ടാകുന്ന ദോഷങ്ങൾ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു.