അടുത്തവർഷം മുതൽ പുതുതലമുറ എൻജിനിയറിംഗ് കോഴ്സുകൾ
Wednesday, November 29, 2023 12:56 AM IST
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ പുതുതലമുറ വിഷയങ്ങളിൽ ബിടെക്, എംടെക് കോഴ്സുകൾ സംസ്ഥാനത്ത് ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാലക്കാട്, തൃശൂർ, തിരുവനന്തപുരം എൻജിനിയറിംഗ് കോളജുകളിൽ നിലവിലുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് അധിക കോഴ്സുകൾ ആരംഭിക്കുക.
ആവശ്യമെങ്കിൽ ഗസ്റ്റ് അധ്യാപകരുടെ സേവനവും ഉപയോഗിക്കും. എംടെക്കിന് 18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും ഉണ്ടാവുക. ബിടെക്കിന് ഓരോ വിഭാഗത്തിലും 60 സീറ്റ് വീതം ഉണ്ടാകും. മന്ത്രിസഭാ അംഗീകാരം ലഭിച്ചതോടെ എഐസിടിഇ അംഗീകാരത്തിനും സാങ്കേതിക സർവകലാശാലയുടെ അഫിലിയേഷനും അപേക്ഷിക്കാനാകും. സാങ്കേതിക അംഗീകാരവും അഫിലിയേഷനും ലഭിച്ച് അടുത്ത വർഷത്തെ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തി പ്രവേശനനടപടി പൂർത്തിയാക്കാനാണ് തീരുമാനം.
എംടെക് കോഴ്സുകൾ: തിരുവനന്തപുരം എൻജിനിയറിംഗ് കോളജ്: സ്ട്രക്ചറൽ എൻജിനിയറിംഗ് (അഡീഷണൽ ഡിവിഷൻ), പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനിയറിംഗ് കോളജ്: ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ് ഇന്റർനെറ്റ് ഓഫ് തിംഗ്സ്, തൃശൂർ ഗവ.എൻജിനിയറിംഗ് കോളജ്: റോബട്ടിക്സ് ആൻഡ് ഓട്ടോമേഷൻ എൻജിനിയറിംഗ് ഡിസൈൻ.
ബിടെക് കോഴ്സുകൾ: തിരുവനന്തപുരം എൻജിനിയറിംഗ് കോളജ്: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് (അഡീഷണൽ ഡിവിഷൻ), തൃശൂർ ഗവ. എൻജിനിയറിംഗ് കോളജ്: സൈബർ ഫിസിക്കൽ സിസ്റ്റം ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് (അഡീഷണൽ ഡിവിഷൻ).