വിവാഹവാഗ്ദാനം നൽകി സ്വർണവും പണവും കവർന്ന യുവാവ് അറസ്റ്റിൽ
Tuesday, September 26, 2023 6:15 AM IST
കണ്ണൂർ: വിവാഹവാഗ്ദാനം നൽകി സ്വർണവും പണവും കവർന്ന കേസിലെ പ്രതി വയനാട്ടിൽ അറസ്റ്റിൽ. മാതമംഗലം വെള്ളോറ സ്വദേശി ബിജു ആന്റണി (43) എന്ന പെറോട്ട ബിജുവിനെയാണ് കണ്ണൂർ ടൗൺ പോലീസ് തലപ്പുഴയിൽ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. വിവാഹവാഗ്ദാനം നൽകി പാലക്കാട് സ്വദേശിനിയായ യുവതിയെ കണ്ണൂരിലെ ഹോട്ടലിലെത്തിച്ച് 40,000 രൂപയും മുക്കാൽ പവന്റെ ഗോൾഡ് ലോക്കറ്റ്, മൊബൈൽ ഫോൺ, ആധാർ, പാൻ, എടിഎം കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയടങ്ങിയ ബാഗുമായി പ്രതി കടന്നുകളയുകയായിരുന്നു.
പത്രത്തിലെ വിവാഹ പരസ്യം വഴി പരിചയപ്പെട്ട പ്രതിയെ കാണാനായി കണ്ണൂരിലെത്തിയതായിരുന്നു യുവതി. പാലക്കാട് ജ്വല്ലറി ജീവനക്കാരിയായ യുവതിയെ ഓർഫനേജിലെ താമസക്കാരനാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു പ്രതി കണ്ണൂരിലെത്തിച്ചത്.
ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ എത്തിയ സമയത്തായിരുന്നു പ്രതി ബാഗുമായി കടന്നുകളഞ്ഞത്. ഭക്ഷണം ഓർഡർ എടുക്കാൻ വന്ന വെയിറ്ററോട് ഒരാൾകൂടി വരാനുണ്ടെന്ന് യുവതി പറഞ്ഞിരുന്നു. വഞ്ചിക്കപ്പെട്ടതറിയാതെ യുവതി അരമണിക്കൂറോളം ഹോട്ടലിൽ കാത്തിരുന്നു.
ഒടുവിൽ പരാതിയുമായി ടൗൺ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
പണം മുഴുവനായും നഷ്ടമായ യുവതിക്ക് പോലീസ് ഇടപെടലിലാണ് ഭക്ഷണവും താമസവും ഒരുക്കിയത്. കുമ്പള, മലപ്പുറം സ്റ്റേഷനുകളിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസുകളിൽ ഉൾപ്പെടെ നിരവധി വിവാഹ തട്ടിപ്പ്, മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.