സ്റ്റേജിൽനിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്കു ഗുരുതര പരിക്ക്
Monday, December 30, 2024 3:17 AM IST
കൊച്ചി: കലൂര്‍ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍നിന്ന് 15 അടി താഴ്ചയിലേക്കു വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക്. കോണ്‍ക്രീറ്റില്‍ തലയിടിച്ചു വീണ എംഎൽഎയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിനും ശ്വാസകോശത്തിനും സാരമായ പരിക്കുള്ളതിനാൽ വെന്റിലേറ്ററിലേക്കു മാറ്റി. നട്ടെല്ലിനും മുഖത്തും പരിക്കുണ്ട്. നിലവിൽ അബോധാവസ്ഥയിലാണെന്നും രക്തസ്രാവം നിയന്ത്രണവിധേയമാണെന്നും മെഡിക്കല്‍ സംഘം അറിയിച്ചു.
ആന്തരിക രക്തസ്രാവമില്ലാത്തതിനാൽ അടിയന്തര ശസ്ത്രക്രിയ ഇപ്പോഴില്ല. ആരോഗ്യനില തൃപ്തികരമാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു.
ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ടു നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12,000 നര്‍ത്തകര്‍ അണിനിരന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഉമ തോമസ്. താത്കാലികമായി തയാറാക്കിയ വിഐപി ഗാലറിയില്‍ വിഐപികള്‍ക്കായി 40 കസേരകള്‍ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ഇരിപ്പുണ്ടായിരുന്നു.
പരിപാടി തുടങ്ങാറായപ്പോഴാണ് എംഎല്‍എ എത്തിയത്. മന്ത്രിയെ കണ്ടശേഷം തന്റെ ഇരിപ്പിടത്തിലേക്കു നീങ്ങവേ, കാൽ വഴുതുകയും ബാരിക്കേഡിനു പകരം താത്കാലികമായി കെട്ടിയ റിബണില്‍ പിടിച്ചപ്പോള്‍ മറിഞ്ഞു താഴേക്ക് വീഴുകയുമായിരുന്നു. കൈവരികൾക്കു പകരം റിബണ്‍ മാത്രമാണു കെട്ടിയിരുന്നത്. ഇതാണ് അപകടത്തിനു കാരണമായതെന്നാണ് പറയപ്പെടുന്നത്. വലിയ പരിപാടിയായിരുന്നതിനാല്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
എംഎൽഎയെ സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍ അടക്കം പരിശോധനകള്‍ക്കു വിധേയയാക്കി. മന്ത്രിമാരായ സജി ചെറിയാന്, പി. രാജീവ്, ഹൈബി ഈഡന് എംപി, എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ ആശുപത്രിയിലെത്തി. അപകടത്തിനു പിന്നാലെ സ്റ്റേഡിയത്തിലെത്തി പോലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്.
സംഭവത്തില്‍ സംഘാടകരുടെ ഭാഗത്ത് സുരക്ഷാവീഴ്ചയുണ്ടായോ എന്നു പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.