കരോൾ വിലക്കിയ എസ്ഐയെ സ്ഥലംമാറ്റി; വീടിനടുത്തേക്ക്!
Thursday, January 2, 2025 1:32 AM IST
ചാവക്കാട്: ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്നു പറഞ്ഞ് പാലയൂര്‍ മാർത്തോമ്മ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടനകേന്ദ്രത്തിൽ ക്രിസ്മസ് കരോള്‍ ഗാനാലാപനം പോലീസ് വിലക്കിയ സംഭവത്തില്‍ എസ്ഐക്കു സ്ഥലംമാറ്റം. ചാവക്കാട് എസ്ഐ വിജിത്ത് കെ. വിജയനെയാണു പേരാമംഗലം സ്റ്റേഷനിലേക്കു മാറ്റിയത്.
ക്രിസ്മസ് തലേന്നു രാത്രി ഒമ്പതോടെ പള്ളിയങ്കണത്തില്‍ തുടങ്ങാനിരുന്ന കരോള്‍ ഗാനാലാപനമാണ് എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞത്. കരോള്‍ തടഞ്ഞ സംഭവം വലിയ പ്രതിഷേധത്തിനു കാരണമായി.
കക്ഷിരാഷ്ട്രീയ ഭേദമെന്യേ വ്യാപകപ്രതിഷേധം ഉയര്‍ന്നതോടെ എസ്ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് തീര്‍ഥാടനകേന്ദ്രം അധികൃതരും സിപിഎം ഉൾപ്പെടെ വിവിധ രാഷ്ട്രീയകക്ഷികളും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിനിടെ, പോലീസ് മേലധികാരികൾ എസ്ഐക്ക് ക്ലീൻ ചീറ്റും നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് നടപടിയെന്നോണം എസ്ഐയെ സ്വന്തം വീടിനടുത്തേക്ക് സ്ഥലംമാറ്റിയത്.