അശാസ്ത്രീയ റോഡ് നിർമാണത്തിന്റെയും സർക്കാർ ഉത്തരവിന്റെയും രക്തസാക്ഷി
Thursday, January 2, 2025 1:32 AM IST
കണ്ണർ: സ്കൂൾ ബസുകൾക്കു തത്കാലം ഫിറ്റ്നസ് വേണ്ടതില്ലെന്ന സർക്കാർ ഉത്തരവിന്റെയും അശാസ്ത്രീയ റോഡ് നിർമാണ ത്തിന്റെയും രക്തസാക്ഷിയാണ് നേദ്യ എസ്. രാജേഷ്.
മുൻകാലങ്ങളിൽ സ്കൂൾ ബസുകളുടെ കാര്യത്തിൽ കർശനമായും നിയമം പിന്തുടർന്നിരുന്നെങ്കിൽ അടുത്തിടെയാണു സർക്കാർ ഇക്കാര്യത്തിൽ ഭേദഗതി വരുത്തിയത്. ഫിറ്റ്നസ് കഴിഞ്ഞ സ്കൂൾ വാഹനങ്ങൾക്കും വരും മാസങ്ങളിൽ ഫിറ്റ്നസ് കഴിയുന്ന വാഹനങ്ങളുടെയും കാലാവധി ഏപ്രിൽ വരെ നീട്ടിക്കൊണ്ടാണ് അടുത്തിടെ മോട്ടോർവാഹന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
വാഹനങ്ങളുടെ ഫിറ്റ്നസ് വരുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ പുതുക്കിയാൽ മതിയെന്നായിരുന്നു നിർദേശം. ഏറ്റവും സുരക്ഷിതമായി സർവീസ് നടത്തേണ്ട വാഹനങ്ങളുടെ കാര്യത്തിലാണ് ഇത്തരമൊരു വിരുദ്ധ നിലപാട് ഉണ്ടായതെന്നത് അതീവ ഗൗരവ വിഷയമാണെന്നു പലരും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കിയാൽ അപകടമുണ്ടാകുമെന്നതിനാലായിരുന്നു നേരത്തേ ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിച്ചിരുന്നത്.
വളക്കൈയിൽ അപകടത്തിൽപ്പെട്ട വാഹനത്തിന് ഫിറ്റ്നസ് ഔദ്യോഗികമായി കഴിഞ്ഞിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതേത്തുടർന്നുണ്ടായ മെക്കാനിക്കൽ തകരാറാണോ അപകടത്തിനിടയാക്കിയതെന്ന് സൂക്ഷ്മപരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.
റോഡ് നിർമാണത്തിലെ അശാസ്ത്രീയത അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായും മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു.
റോഡിന്റെ അശാസ്ത്രീയ നിർമാണവും വാഹനത്തിന്റെ അമിതവേഗവുമാണ് അപകടത്തിനിടയാക്കിയതെന്നാണു പ്രാഥമിക നിഗമനം. ബസിനു മെക്കാനിക്കൽ തകരാർ ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.