സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്: 10 വരെ അപേക്ഷിക്കാം
Thursday, January 2, 2025 1:32 AM IST
തിരുവനന്തപുരം: കേരള സംസ്ഥാനത്തിലെ സർക്കാർ / സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് / ഹോസ്റ്റൽ സ്റ്റൈപന്‍ഡ് (റിന്യൂവൽ) പുതുക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 വരെ ദീർഘിപ്പിച്ചു.
2023-24 സാമ്പത്തികവർഷം സ്കോളർഷിപ്പ് ലഭിച്ചവർക്കാണ് റിന്യൂവലിന് അവസരം. ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥിനികൾക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥിനികൾക്ക് 6,000 രൂപ വീതവും പ്രഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥിനികൾക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപന്‍ഡ് ഇനത്തിൽ 13,000 രൂപാ വീതവുമാണ് പ്രതിവർഷം സ്കോളർഷിപ്പ് നൽകുന്നത്. ഒരു വിദ്യാർഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്‍ഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം.
കോളജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം.
www.minority welfare.kerala.gov.in വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെന്യു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുള്ളിൽ സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 04712302090 .