എറണാകുളത്തിന് ഓവറോള്‍ കിരീടം
Wednesday, January 1, 2025 2:18 AM IST
കൊച്ചി: നാലാമത് സെന്‍ട്രല്‍ സ്കൂള്‍ കായികമേളയില്‍ എറണാകുളം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. കോഴിക്കോട് രണ്ടും തൃശൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.
21 സ്വര്‍ണവും 19 വെള്ളിയും 15 വെങ്കലവും ഉള്‍പ്പെടെ 375 പോയിന്റോടെയാണ് എറണാകുളം ഓവറോള്‍ കിരീടം ചൂടിയത്. അഞ്ചു സ്വര്‍ണവും ഏഴു വീതം വെള്ളിയും വെങ്കലവും സ്വന്തമാക്കിയ കോഴിക്കോടിന് 136 പോയിന്റുണ്ട്. അഞ്ചു വീതം സ്വര്‍ണവും വെള്ളിയും 10 വെങ്കലവും നേടിയ തൃശൂരിന് 128 പോയിന്റാണുള്ളത്.
സ്കൂളുകളില്‍ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂള്‍ ഒന്നും കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയര്‍ സെക്കന്‍ഡറി സ്കൂൾ രണ്ടും കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂള്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.
അണ്ടര്‍ 14 വിഭാഗത്തില്‍ പുത്തനങ്ങാടി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സി.ടി. മഹ്സിന്, ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിറിലെ മരിയ മനോജ്ലാല്‍ എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.
അണ്ടര്‍ 17 ല്‍ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂളിലെ ധ്യാന്‍ വാമറ്റം, ലിയ രാജേഷ്, തങ്കശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ സ്കൂളിലെ എ.അഭിഷ ദത്തു എന്നിവരും അണ്ടര്‍ 19 ല്‍ കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സ്കൂളിലെ ബെര്‍ണാര്‍ഡ് ഷാ സോജന്, ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ നൈല സയന് എന്നിവരും വ്യക്തിഗത ചാമ്പ്യമാരായി.
സമാപനച്ചടങ്ങില്‍ കോസ്റ്റ്ഗാര്‍ഡ് ഡിഐജി എന്‍.രവി വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.