കണ്ണൂർ സ്കൂൾ ബസ് അപകടം; അപകടത്തിൽപ്പെട്ടത് 14 വർഷം പഴക്കമുള്ള ബസ്
Thursday, January 2, 2025 1:32 AM IST
തളിപ്പറമ്പ്: വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടം അമിതവേഗം മൂലമെന്നു മോട്ടോർ വാഹന വകുപ്പ്. ബസിന്റെ അമിതവേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായാണു പ്രാഥമിക വിലയിരുത്തലെന്ന് എഎംവിഐ ബിബിന്‍ രവീന്ദ്രന് പറഞ്ഞു.
14 വർഷം പഴക്കമുള്ളതാണ് സ്കൂൾ ബസ്. ബസ് ബ്രേക്ക് ചെയ്യാൻ ശ്രമിച്ച പാട് റോഡിൽ കണ്ടെത്തിയിട്ടുണ്ട്. അമിതവേഗമായതിനാൽ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു എന്നാണു നിഗമനമെന്നും എഎംവിഐ ബിബിന്‍ രവീന്ദ്രന് പറഞ്ഞു. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർഥികളും പറഞ്ഞു.
പരിക്കേറ്റവർ
വിദ്യാർഥികളായ സഹറിഷ് (അഞ്ച്), മെഹവിഷ് (11), മാനസ രാജേഷ് ( ഏഴ്), തെരേസ വർഗീസ് (അഞ്ച്), സിയോൺ വർഗീസ് (എട്ട്), മിൻഹ മുഹമ്മദ് (ഒൻപത്), ബെൻസൻ ജോ റോബി (നാല്), ജിബിൻ ജോൺ (ഏഴ്), മുഹമ്മദ് ഫൈസാൻ (എട്ട്), തേജാനന്ദ് (എട്ട്) ശ്രീനായ് സഹായ്, ഡ്രൈവർ നിസാം, ആയ സുലോചന എന്നിവരാണ് തളിപ്പറന്പ് താലൂക്ക് ആശുപത്രി, സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലുള്ളത്. നിസാര പരിക്കേറ്റ ഏഴു പേർ പ്രാഥമിക ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു.
അപകടസമയത്ത് ഡ്രൈവർ മൊബൈൽ ഉപയോഗിച്ചതായി സംശയം
തളിപ്പറമ്പ്: വളക്കൈയിൽ വിദ്യാര്‍ഥിനി മരിച്ച ബസ് അപകടത്തില്‍ ഡ്രൈവറുടെ വീഴ്ചയും കാരണമായെന്നു സംശയം.
സിസിടിവിയിൽ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03ന് ഡ്രൈവർ നിസാം വാട്സ് ആപ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകൾ പുറത്തുവന്നു.
സ്കൂളിൽ കുട്ടികൾ ഇരിക്കുന്ന ദൃശ്യമാണു നിസാം സ്റ്റാറ്റസായി ഇട്ടത്. അതിലെ സമയം കാണിക്കുന്നത് വൈകുന്നേരം 4.03 ആണ്. അതേ സമയത്താണ് അപകടവും നടന്നത്. അതുകൊണ്ടുതന്നെ അപകടം നടക്കുമ്പോൾ ഇയാൾ വാട്സ് ആപ്പ് ഉപയോഗിച്ചിരുന്നു എന്ന സംശയമാണ് ഉയരുന്നത്.
എന്നാൽ, ഇക്കാര്യം നിസാം നിഷേധിച്ചു. നേരത്തേ ഇട്ട സ്റ്റാറ്റസ് ഈ സമയം അപ്ലോഡ് ആയതായിരിക്കുമെന്നാണ് നിസാം പറയുന്നത്.
വാഹനം മാറ്റാൻ പറഞ്ഞിട്ടും ചെയ്തില്ലെന്ന് ഡ്രൈവർ
തളിപ്പറന്പ്: ബ്രേക്ക് ഉൾപ്പെടെയുള്ളവയ്ക്ക് തകരാറുകൾ ഉണ്ടായിരുന്ന കാലപ്പഴക്കം നേരിടുന്ന ബസ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡ്രൈവർ നിസാം. എന്നാൽ ഈ അധ്യയനവർഷം കഴിയട്ടെ എന്ന മറുപടിയാണു നൽകിയതെന്നും ഡ്രൈവർ നിസാം പറഞ്ഞു.
താൻ അമിതവേഗത്തിൽ ബസ് ഓടിച്ചില്ല. ഓട്ടത്തിനിടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. പതുക്കെയായിരുന്നു ഇറക്കം ഇറങ്ങിയിരുന്നത്. സെക്കന്‍ഡ് ഗിയറില്‍ പതുക്കെ ഇറങ്ങുന്നതിനിടെ ബ്രേക്ക് പോയി. പിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ബസ് അരികിലേക്കു നീങ്ങി വലതുവശത്തേക്ക് കുഴിയിലേക്കു മറിഞ്ഞതോടെ പലതവണ മലക്കം മറിയുകയായിരുന്നു.
ഒരു കുട്ടി ബസിൽനിന്ന് തെറിച്ചുവീണുവെന്നും അടിയിൽ കുടുങ്ങിപ്പോയെന്നും പിന്നീടാണ് അറിഞ്ഞത്. ബസിന്റെ ഫിറ്റ്നസ് ഡിസംബറിൽ പുതുക്കാൻ പോയപ്പോള്‍ ആര്‍ടിഒ മടക്കി അയയ്ക്കുകയായിരുന്നു. ബ്രേക്കിന് ഉള്‍പ്പെടെ പല പ്രശ്നങ്ങളുണ്ടായിരുന്നു. ഇക്കാര്യം സ്കൂള്‍ അധികൃതരോട് പറഞ്ഞിരുന്നുവെന്നും നിസാം പറഞ്ഞു.