മണിക്കെതിരേ ആഞ്ഞടിച്ച് കെ.കെ. ശിവരാമൻ
Wednesday, January 1, 2025 2:19 AM IST
തൊടുപുഴ: സിപിഎം നേതാവ് എം.എം. മണി എംഎൽഎയ്ക്കെതിരേ സിപിഐ നേതാവ് കെ.കെ. ശിവരാമൻ രംഗത്ത്. ആത്മഹത്യ ചെയ്ത ആളെയും കുടുംബത്തെയും എം.എം. മണി വീണ്ടും കൊല്ലുകയാണെന്നായിരുന്നു ശിവരാമൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ബാങ്കിൽ പണം നിക്ഷേപിച്ച പാവം നിക്ഷേപകനെ വിരട്ടുകയാണ്. ഇതു കേരളത്തിന് യോജിച്ചതാണോ? കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നിൽ ജീവനൊടുക്കിയ സാബു മുളങ്ങാശേരിയുടെ മാനസികനില പരിശോധിക്കണമെന്ന മണിയുടെ കട്ടപ്പനയിലെ പ്രസ്താവനയ്ക്കെതിരേയാണ് സിപിഐ സംസ്ഥാന കൗണ്‍സിലംഗം ശിവരാമൻ ഫേസ്ബുക്കിൽ ആഞ്ഞടിച്ചത്.
നേരത്തേ ജില്ലയിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ടും ഇരുവരും തമ്മിൽ വാദപ്രതിവാദം നടത്തിയിരുന്നു. ഇതു ഇരുപാർട്ടികളും തമ്മിൽ ചേരിപ്പോരിനും കാരണമായിരുന്നു.