കൃഷിവകുപ്പിന് അപൂര്‍വതയായി സ്നേഹയും സാന്ദ്രയും
Thursday, January 2, 2025 1:32 AM IST
ശ്രീജിത് കൃഷ്ണന്
കാഞ്ഞങ്ങാട്: ഇരട്ട സഹോദരങ്ങള്‍ ഒരുമിച്ച് ഗായകരാകുന്നതും കായികതാരങ്ങളാകുന്നതും അധ്യാപകരാകുന്നതും വൈദികരാകുന്നതും വരെ കണ്ടിട്ടുണ്ട്. പക്ഷേ ഇരട്ടസഹോദരിമാരായ രണ്ടുപേര്‍ ഒരേ ജില്ലയില്‍ അടുത്തടുത്ത പഞ്ചായത്തുകളില്‍ കൃഷി ഓഫീസര്മാരാകുന്നത് കണ്ട്ക്കാ എന്നാണ് വടകരയില്‍ നിന്നൊരു ചോദ്യം. അങ്ങനെയൊരു അപൂര്‍വത സൃഷ്ടിക്കുകയാണ് എടച്ചേരി പഞ്ചായത്തില്‍ കൃഷി ഓഫീസറായിരുന്ന എസ്.ആര്. സ്നേഹയും തൊട്ടടുത്ത വില്യാപ്പള്ളി പഞ്ചായത്തില്‍ ഇന്നലെ ചുമതലയേറ്റെടുത്ത എസ്.ആര്. സാന്ദ്രയും.
തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജില്‍ അഗ്രോണമിയില്‍ പിഎച്ച്ഡി ചെയ്യുന്ന സ്നേഹ ഇപ്പോള്‍ കൃഷിവകുപ്പില്‍നിന്ന് പഠനാവധിയിലാണ്. മാസങ്ങള്‍ക്കകം അവധി കഴിഞ്ഞ് തിരിച്ചെത്തുന്നതോടെ കോഴിക്കോട് ജില്ലയില്‍ കൃഷിവകുപ്പിന്റെ യോഗങ്ങളില്‍ ഇരട്ട സഹോദരിമാര്‍ക്ക് ഒരുമിച്ചിരിക്കാം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കര്‍ഷകര്‍ക്കും തുടക്കത്തിലെങ്കിലും ആളു മാറിപ്പോകാനും ഇടയുണ്ട്.
ഇരട്ട സഹോദരങ്ങള്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുമ്പോഴും ഒരേ വകുപ്പില്‍ ഒരേ തസ്തികയില്‍ ജോലികിട്ടുന്നത് അപൂര്‍വമാണ്. അതുതന്നെ ഗസറ്റഡ് ഓഫീസര്‍ റാങ്കിലുള്ള ഒരു തസ്തികയിലേക്കാവുന്നത് അത്യപൂര്‍വവും.
എടച്ചേരി ശൈല നിവാസിലെ കെ. രാജുവിന്റെയും കെ.കെ. സജിതയുടെയും മക്കളാണ് സാന്ദ്രയും സ്നേഹയും. അച്ഛന് നാട്ടില്‍തന്നെ ഇലക്ട്രോണിക് ഷോപ്പ് നടത്തുകയാണ്. അമ്മ സജിത കോഴിക്കോട് മെഡിക്കല്‍ കോളജ് പഠനവിഭാഗത്തിലെ ജീവനക്കാരിയാണ്.
മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു വരെയുള്ള പഠനകാലത്തും സാന്ദ്രയും സ്നേഹയും ഒരുമിച്ചായിരുന്നു. പത്താംക്ലാസിലും പ്ലസ്ടുവിനും ഇരുവരും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. തുടര്‍ന്ന് നീലേശ്വരം പടന്നക്കാട് കാര്‍ഷിക കോളജില്‍ ബിഎസ്സി അഗ്രിക്കള്‍ച്ചറിനു ചേര്‍ന്നു പഠിച്ചതും ഒരുമിച്ച്.
ബിരുദപഠനം കഴിഞ്ഞപ്പോള്‍ മാത്രമാണ് ഇരുവരും വേര്‍പിരിഞ്ഞത്. സാന്ദ്ര തൃശൂര്‍ വെള്ളാനിക്കര കാര്‍ഷിക കോളജിലും സ്നേഹ തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജിലുമാണ് ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നത്.
ഇതിനുശേഷമാണ് കൃഷി ഓഫീസര്‍ തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷയെഴുതി ഇരുവരും ഒരേ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്. റാങ്ക് പട്ടികയില്‍ അല്പം മുന്നിലായിരുന്ന സ്നേഹയ്ക്ക് തുടക്കത്തില്‍ത്തന്നെ നിയമനം ലഭിച്ചു.
അതിനകം പിഎച്ച്ഡിക്കു ചേര്‍ന്നു കഴിഞ്ഞതിനാലാണ് പഠനാവധിയില്‍ പ്രവേശിച്ചത്. സാന്ദ്ര ഇതുവരെ കാഞ്ഞങ്ങാടിനു സമീപം വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഗ്രികള്‍ച്ചര്‍ പഠനവിഭാഗത്തില്‍ താത്കാലിക അധ്യാപികയായി ജോലിചെയ്യുകയായിരുന്നു.