ഉമ തോമസ് എംഎൽഎയ്ക്കു പരിക്കേറ്റ സംഭവത്തില്‍ ; പ്രതികള്‍ക്ക് ഇടക്കാല ജാമ്യം
Wednesday, January 1, 2025 2:19 AM IST
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സ്റ്റേജില്‍ നിന്നു വീണ് ഉമ തോമസ് എംഎൽഎയ്ക്കു പരിക്കേറ്റ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്നു പേര്‍ക്ക് ഇടക്കാല ജാമ്യം.
മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടാം പ്രതി ഷമീര്‍ അബ്ദുള്‍ റഹീം, നാലാം പ്രതി കൃഷ്ണകുമാര്‍, അഞ്ചാം പ്രതി ബെന്നി എന്നിവര്‍ക്കാണു ജാമ്യം ലഭിച്ചത്. ഇവരുടെ ജാമ്യാപേക്ഷ മൂന്നിന് പരിഗണിക്കും.
തിങ്കളാഴ്ചയാണ് മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ (ബിഎന്‍എസ് 110) വകുപ്പാണു ചുമത്തിയിരിക്കുന്നത്. സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ആദ്യം വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനുശേഷമാണ് ബിഎന്‍എസ് 110 ചുമത്തിയത്.
അഞ്ചുപേരെ പ്രതിചേര്‍ത്തു
കലൂര്‍ സ്റ്റേഡിയത്തില്‍ എംഎല്‍എ ഉമ തോമസിന് അപകടമുയ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസില്‍ അഞ്ചുപേരെ പ്രതിചേര്‍ത്തു. മൃദംഗ വിഷൻ സിഇഒ നിഗോഷ് കുമാറാണ് കേസിലെ ഒന്നാം പ്രതി. ഷമീര്‍ അബ്ദുള്‍ റഹീം, ജനീഷ്, കൃഷ്ണകുമാര്‍, ബെന്നി എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍. അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രതിപ്പട്ടിക ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്റ്റേഡിയത്തില്‍ വേദി നിര്‍മിച്ചത് അശാസ്ത്രീയമായിട്ടാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ക്രീറ്റില്‍ വേദി ഉറപ്പിച്ചത് സിമന്റ് കട്ടകള്‍ വച്ചാണ്. സ്റ്റേജിലുള്ളവര്‍ക്ക് അപകടം കൂടാതെ നടക്കാന്‍ കഴിയാത്ത വിധമായിരുന്നു കസേരകള്‍ ക്രമീകരിച്ചത്.
കോര്പറേഷനില്നിന്നടക്കം കൃത്യമായ അനുമതി വാങ്ങാതെയാണു താത്കാലിക സ്റ്റേജ് നിര്‍മിച്ചത്. അഗ്നിരക്ഷാ വിഭാഗത്തിൽനിന്നു നിയമപരമായ അനുമതി വാങ്ങിയില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും പോലീസ് പറയുന്നു.