വീട്ടമ്മയുടെ കൊലപാതകം ; ഭർത്താവിനെ കൊല്ലാനും പ്രതി പദ്ധതിയിട്ടു
Wednesday, January 1, 2025 2:19 AM IST
കുന്നംകുളം: ആർത്താറ്റ് വീട്ടമ്മയെ കഴുത്തറത്തുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പുനടത്തി.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് കുന്നംകുളം എസ്എച്ച്ഒ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതി മുതുവറ സ്വദേശി കണ്ണനുമായി കൊലചെയ്യപ്പെട്ട വീട്ടിലെത്തി തെളിവെടുപ്പു നടത്തിയത്.
പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് സംഘടിച്ചിരുന്നു. വീട്ടിലേക്കുകയറ്റി ഇറക്കിയ ഉടനെ നാട്ടുകാർ രോഷാകുലരായി പ്രതിക്കുനേരേ തിരിഞ്ഞു.
പലരും ആക്രമിക്കാനും മുതിർന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ കൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തുന്നതിനായി കൊണ്ടുപോയത്. വീടിനു പുറകിലെ പാടത്താണ് കത്തി ഉപേക്ഷിച്ചിരുന്നത്. സ്ഥലം ഇയാൾ കൃത്യമായി കാണിച്ചു കൊടുക്കുകയും കത്തി കണ്ടെടുക്കുകയും ചെയ്തു. ഇവിടെയും ആളുകളുടെ പ്രതിഷേധം ഉണ്ടായി.
കൊല്ലപ്പെട്ട സിന്ധുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ വൈകുന്നേരമാണ് വീട്ടിലെത്തിച്ചത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം മാറ്റിയത് ഉച്ചയോടെയായിരുന്നു.
സംസ്കാരം ഇന്നു രാവിലെ ഒന്‍പതരയ്ക്കു നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ഹൈദരാബാദിൽ ജോലിചെയ്യുന്ന മകൻ സംഭവമറിഞ്ഞ് ഇന്നലെ പുലർച്ചെ വീട്ടിലെത്തി.