“സാബുവിന് മാനസിക പ്രശ്നമുണ്ടായിരുന്നോ എന്നു പരിശോധിക്കണം’’ ; ജീവനൊടുക്കിയ നിക്ഷേപകനെ അധിക്ഷേപിച്ച് എം.എം. മണി
Wednesday, January 1, 2025 2:19 AM IST
തൊടുപുഴ: കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽനിന്നു നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത കട്ടപ്പന സ്വദേശി സാബു മുളങ്ങാശേരിലിനെ അവഹേളിച്ച് എം.എം. മണി എംഎൽഎ.
സാബുവിന് മാനസികപ്രശ്നം ഉണ്ടായിരുന്നോ എന്നു പരിശോധിക്കണമെന്നായിരുന്നു തിങ്കളാഴ്ച വൈകുന്നേരം കട്ടപ്പനയിൽ നടത്തിയ യോഗത്തിൽ മണി പറഞ്ഞത്. പാർട്ടി ജില്ലാ സെക്രട്ടറി സി.വി. വർഗീസും വി.ആർ.സജിയും വേദിയിലുള്ളപ്പോഴായിരുന്നു വിവാദ പ്രസ്താവന.
“സാബുവിനെ ഫോണിൽ ഭീഷണിപ്പെടുത്തിയ വി.ആർ.സജിയും പാർട്ടിയും പ്രശ്നത്തിൽ ഉത്തരവാദികളല്ല. അതു പറഞ്ഞ് പാർട്ടിയെ വിരട്ടേണ്ട. സാബുവിന്റെ കുടുംബത്തോടു സഹാനുഭൂതി മാത്രമാണുള്ളത് ''- മണി പറഞ്ഞു.
മണിയുടെ വിവാദപ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. മണിയുടെ നാവിന് സിപിഎം കൂച്ചുവിലങ്ങിടണമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. പ്രസ്താവനയ്ക്കെതിരേ സിപിഐ സംസ്ഥാന കൗണ്‍സിലംഗം കെ.കെ. ശിവരാമനും രംഗത്തെത്തിയതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്.
അതേസമയം, ആത്മഹത്യ ചെയ്ത സാബുവിന് മാനസികാരോഗ്യ പ്രശ്നം ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എന്തെങ്കിലും പ്രശ്നങ്ങൾ അലട്ടിയിരുന്നോ എന്നു പരിശോധിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും മണി പിന്നീട് ന്യായീകരിച്ചു.
കട്ടപ്പന സംഭവത്തിൽ സിപിഎം മുൻ ഏരിയാ സെക്രട്ടറിയും സൊസൈറ്റി മുൻ പ്രസിഡന്റുമായ വി.ആർ.സജിക്ക് തെറ്റുപറ്റിയത് ശ്രദ്ധയിൽപ്പെട്ടില്ലെന്നും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടിയിൽ ഉന്നയിക്കണമെന്നും- മണി പറഞ്ഞു.
ഇതിനിടെ സാബുവിന്റെ നിക്ഷേപത്തുക മുഴുവൻ സൊസൈറ്റിയിൽനിന്നു മടക്കി നൽകി. നിക്ഷേപത്തുകയും പലിശയുമടക്കം 14,59,944 രൂപയാണ് കുടുംബത്തിനു കൈമാറിയത്. സൊസൈറ്റി ബോർഡ് മെംബർ കെ.എം. ചന്ദ്രൻ, സെക്രട്ടറിയുടെ താത്കാലിക ചുമതലയുള്ള സന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെത്തിയാണ് തുക കൈമാറിയത്.