അമ്മേ എന്നു വിളിച്ചു, കണ്ണു തുറന്നു
Wednesday, January 1, 2025 2:19 AM IST
കൊച്ചി: മകന് വിഷ്ണുവിന്റെ ""അമ്മേ’’എന്നുള്ള വിളിയില്‍ ഉമ തോമസ് എംഎല്‍എ കണ്ണു തുറന്നു. ഇന്നലെ രാവിലെ ഏഴിന് മരുന്നുകളുടെ സെഡേഷന്‍ കുറച്ചശേഷമാണ് മകന് വിഷ്ണുവിനെ ഡോക്ടര്‍മാര്‍ അമ്മയെ കാണിച്ചത്. അമ്മ തന്റെ വിളി കേട്ടുവെന്നും കണ്ണ് തുറന്നുവെന്നും വിഷ്ണു മാധ്യമങ്ങളോടു പറഞ്ഞു.
""അമ്മേ എന്നു വിളിച്ചപ്പോള്‍ കേട്ടു, കൺപീലികൾ ചലിച്ചു, പുഞ്ചിരിച്ചു. കണ്ണ് തുറക്കാന്‍ പറഞ്ഞപ്പോള്‍ തുറന്നു. കൈ പൊക്കാന്‍ പറഞ്ഞപ്പോള്‍ പതിയെ കൈ പൊക്കി. മറ്റേ കൈകൂടി പൊക്കാന്‍ പറഞ്ഞപ്പോള്‍ രണ്ടു കൈയും മാറിമാറി പൊക്കി. കാലും അനക്കി.
ഷേക്ക് ഹാന്‍ഡ് തന്ന് കൈ മുറുകെ പിടിക്കാന്‍ പറഞ്ഞപ്പോള്‍ അതിനും ശ്രമിച്ചു. പതുക്കെയാണെങ്കിലും പറഞ്ഞതിനെല്ലാം അമ്മ പ്രതികരിച്ചിട്ടുണ്ട്'' - വിഷ്ണു പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി ഉമ തോമസ് അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.
അതേസമയം, ശ്വാസകോശത്തിലെ പരിക്ക് വെല്ലുവിളിയാണെന്നാണ് റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാർ പറഞ്ഞത്. ശ്വാസകോശത്തിലെ ചതവും അവിടെ രക്തം കട്ടകെട്ടിയതും വെല്ലുവിളിയാണ്. രക്തത്തില്‍ കുറച്ചു ഭാഗം ഇപ്പോഴും അവിടെത്തന്നെയുണ്ട്. ഇത് ആന്റിബയോട്ടിക് മരുന്നുകളുടെ സഹായത്തോടെ തനിയെ ഇല്ലാതാക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
എക്സ്റേയില്‍ നേരിയ പുരോഗതി കാണുന്നുണ്ട്. വാരിയെല്ല് പൊട്ടിയതിന്റെ പരിക്ക് ഭേദമാക്കേണ്ടതുണ്ട്. എംഎല്‍എ മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥ മാറിയെന്നു പറയാറായിട്ടില്ലെന്ന് ഡോക്ടര്‍മാർ വ്യക്തമാക്കി. വെന്റിലേറ്റര്‍ മാറ്റി 24 മണിക്കൂറെങ്കിലും കഴിഞ്ഞാല്‍ മാത്രമേ ഗുരുതരാവസ്ഥ മാറിയെന്നു പറയാന്‍ കഴിയൂ. വരും ദിവസങ്ങളില്‍ വെന്റിലേറ്ററിന്റെ സഹായം കുറച്ചു കൊണ്ടുവന്ന് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണു ശ്രമം.
ട്യൂബിലൂടെയാണ് ഭക്ഷണം കൊടുക്കുന്നത്. അണുബാധ ഉണ്ടാ കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട് . ന്യുമോണിയ വരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ അതു തടയുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി.
കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇതേ ചികിത്സാരീതിതന്നെ തുടര്‍ന്നു പോകാനാണ് അവരുടെ നിര്‍ദേശമെന്നും ഡോക്ടർമാർ പറഞ്ഞു.