ഗവർണർ മടങ്ങി; മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയില്ല
സ്വന്തം ലേഖകൻ
Monday, December 30, 2024 3:17 AM IST
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നു മടങ്ങി. അഞ്ചു വർഷവും മൂന്നു മാസവും നീണ്ട കേരള ഗവർണർ പദവിയിലിരിക്കേ സർക്കാരുമായി ഇടയ്ക്കിടെ കൊന്പു കോർത്തിരുന്ന ആരിഫ് മുഹമ്മദ്ഖാനെ യാത്ര അയയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോ മന്ത്രിമാരോ അനൗപചാരികമായിട്ടു പോലും എത്താതിരുന്നതു ശ്രദ്ധേയമായി.
ആരിഫ് മുഹമ്മദ് ഖാനുമായുള്ള പോര് വ്യക്തിപരം കൂടിയാണെന്ന സൂചന നൽകിയാണ് തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനത്തിനു മുതിരാതിരുന്നത്. പകരം മന്ത്രിമാരെയും സൗഹൃദ സന്ദർശനത്തിനായി രാജ്ഭവനിലേക്ക് അയച്ചില്ല. ഫോണിലും ബന്ധപ്പെട്ടിരുന്നില്ലെന്നാണു വിവരം.
എന്നാൽ, അവസാന ദിവസം സർക്കാരിനെതിരേയുള്ള നിലപാട് മയപ്പെടുത്തുന്നതായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ നിര്യാണത്തെത്തുടർന്ന് ദുഃഖാചരണമുള്ള സാഹചര്യത്തിലാണ് സർക്കാർ ഔദ്യോഗിക യാത്രയയപ്പ് സമ്മേളനം നടത്താതിരുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, അനൗപചാരികമായി മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താതിരുന്നതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും നല്ല വാക്കുകൾ പറഞ്ഞ് യാത്രയാകുകയാണെന്നും ഗവർണർ പറഞ്ഞു.
ബിഹാർ ഗവർണറായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജനുവരി ഒന്നിനു തിരുവനന്തപുരത്തെത്തും. രണ്ടിന് രാവിലെ 10.30ന് അദ്ദേഹം കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്യും.