ക്ഷേമ പെൻഷൻ: 38 ജീവനക്കാർക്ക് സസ്പെൻഷൻ
Monday, December 30, 2024 3:17 AM IST
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാർക്കെതിരേയുള്ള അച്ചടക്ക നടപടി തുടരുന്നു. വനം, കൃഷി വകുപ്പുകളിലായി ക്ഷേമപെൻഷൻ കൈപ്പറ്റുന്നതെന്നു കണ്ടെത്തിയ 38 ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
വനം വകുപ്പിലെ ഒൻപത് ഉദ്യോഗസ്ഥർക്കെതിരേയാണ് നടപടി. അനർഹമായ രീതിയിൽ സാമൂഹിക ക്ഷേമപെൻഷൻ കൈപ്പറ്റിയതായി റിപ്പോർട്ട് ചെയ്തവരെ സർവീസിൽനിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഉത്തരവിട്ടു.
ഒരു എൽഡി ടൈപ്പിസ്റ്റ്, വാച്ചർ, ഏഴ് പാർട്ട് ടൈം സ്വീപർമാർ എന്നിവരെയാണ് നടപടിക്ക് നിർദേശം. കൃഷി വകുപ്പിലെ സയന്റിഫിക് അസിസ്റ്റന്റും ക്ലർക്കും ടൈപ്പിസ്റ്റും അടക്കമുള്ള 29 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് കാർഷിക വികസന കർഷക ക്ഷേമ ഡയറക്ടർ ഉത്തരവിറക്കി. മണ്ണ് പരിശോധനാ ലാബിലെ സയന്റിഫിക് അസിസ്റ്റന്റ് അടക്കമുള്ളവർക്കെതിരേയാണ് അച്ചടക്ക നടപടി.