കൊഴിഞ്ഞാന്പാറയിൽ ഡിവൈഎഫ്ഐ വിമതരുടെ കൺവൻഷനും റാലിയും
Monday, December 30, 2024 3:17 AM IST
ചിറ്റൂർ: സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി കൊഴിഞ്ഞാന്പാറയിലെ വിമതർ. കഴിഞ്ഞദിവസം സമാന്തര യൂത്ത്സെന്റർ തുറന്നതിനുപിന്നാലെ കൊഴിഞ്ഞാന്പാറയിൽ ഡിവൈഎഫ്ഐ വിമതർ കണ്വൻഷൻ നടത്തി.
ഇതിന്റെ ഭാഗമായി വിമതനേതാക്കളുടെ നേതൃത്വത്തിൽ റാലിയും സംഘടിപ്പിച്ചു. നേരത്തെ മേഖലയിൽ പ്രവർത്തനം ആരംഭിച്ച സിപിഎമ്മിലെ വിമതരുടെ സഹായത്തോടെയാണ് ഇന്നലെ ഡിവൈഎഫ്ഐ കണ്വൻഷൻ നടന്നത്.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിക്കും നേതൃത്വത്തിനും എതിരായ കൊഴിഞ്ഞാന്പാറയിലെ സിപിഎമ്മിലെ വിമതനീക്കങ്ങൾ ശക്തമാകുകയാണ്. സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണു കഴിഞ്ഞദിവസം ഡിവൈഎഫ്ഐ കൊഴിഞ്ഞാന്പാറ മേഖല സെക്രട്ടറി എസ്. സദ്ദാം ഹുസൈനെയും പ്രസിഡന്റ് മനോജിനെയും സംഘടനയിൽനിന്നു ജില്ലാ നേതൃത്വം പുറത്താക്കിയത്.
ഇതിനുപിന്നാലെ കൊഴിഞ്ഞാന്പാറയിൽ ഇവർ സമാന്തര യൂത്ത് സെന്റർ തുറന്നിരുന്നു. ജില്ലാ നേതൃത്വത്തിനെതിരേ പ്രതിഷേധം ശക്തമാക്കിയാണ് കണ്‍വൻഷനും നടന്നത്. ഇതിനു മുന്നോടിയായി ടൗണിൽ നടന്ന റാലിയിൽ സ്ത്രീകൾ ഉൾപ്പെടെ ആയിരത്തിലധികം പ്രവർത്തകർ പങ്കെടുത്തു.
കൊഴിഞ്ഞാന്പാറയിലെ വിമതർ തലവേദനയാകില്ലെന്നു നേതൃത്വം ആവർത്തിച്ചു പറയുന്പോഴാണ് കിഴക്കൻ മേഖലയിലെ വലിയൊരു വിഭാഗം സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെ പങ്കെടുപ്പിച്ച് ഡിവൈഎഫ്ഐ വിമത കണ്വൻഷൻ നടത്തിയത്. സിപിഎം വിമതരും കണ്‍വൻഷനിൽ പങ്കെടുത്തു. ഏകപക്ഷീയമായി നിലപാട് സ്വീകരിക്കുന്ന ജില്ലാ നേതൃത്വത്തിനെതിരേയാണ് തങ്ങളുടെ പ്രതിഷേധമെന്ന് ഇവർ ചൂണ്ടിക്കാട്ടി.
അടുത്തകാലത്ത് കോണ്‍ഗ്രസിൽനിന്നു വന്ന വ്യക്തിയെ പാർട്ടിയുടെ നേതൃസ്ഥാനത്തേക്കു കൊണ്ടുവന്നതാണ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ തുടക്കം. ഇതിനെതിരേ ശക്തമായ പോരാട്ടങ്ങൾ നടത്തുമെന്ന് വിമതർ പറയുന്നു. കണ്വൻഷൻ സിപിഎം മുൻ ചിറ്റൂർ ഏരിയാ കമ്മിറ്റി അംഗം വി. ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ കൊഴിഞ്ഞാന്പാറ മേഖല മുൻ പ്രസിഡന്റ് കെ. മനോജ് അധ്യക്ഷനായി.