സ്പെഷല്‍ ഒളിംപിക്സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
Monday, December 30, 2024 3:17 AM IST
കോഴിക്കോട്: ഭിന്നശേഷിവിഭാഗങ്ങളുടെ ജീവിതത്തിലേക്കു പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള ഉപാധി കൂടിയായി മാറിയ സ്പെഷല്‍ ഒളിംപിക്സ് പോലുള്ള പരിപാടികള്‍ വരുംവര്‍ഷങ്ങളിലും സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കോഴിക്കോട് ഒളിംപ്യന്‍ റഹ്മാന് സ്റ്റേഡിയത്തില്‍ മൂന്നു ദിവസമായി നടന്നുവന്ന സ്പെഷല്‍ ഒളിംപിക്സിന്റെ സമാപനസമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സ്പെഷല്‍ ഒളിംപിക്സ് കേരളയും കോഴിക്കോട് നഗരസഭയും ചേര്‍ന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പിന്തുണയോടെയാണു സംഘടിപ്പിച്ചത്.
മത്സരങ്ങള്‍ വീക്ഷിക്കാനെത്തിയ വന്‍ ജനാവലി ഈ പരിപാടിക്കു ലഭിച്ച സ്വീകാര്യതയുടെ തെളിവാണ്. ഭിന്നശേഷിക്കാര്‍ക്കു കൃത്യമായ പരിഗണന നല്‍കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തെ പൊതുവിടങ്ങള്‍ ഭിന്നശേഷീസൗഹൃദമാക്കാനുള്ള ബാരിയര്‍ ഫ്രീ കേരള പദ്ധതിയില്‍ രണ്ടായിരത്തിലധികം പൊതുകെട്ടിടങ്ങള്‍ ഭിന്നശേഷിസൗഹൃദമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. വനംമന്ത്രി എ.കെ. ശശീന്ദ്രന് അധ്യക്ഷനായിരുന്നു.
കായികതാരങ്ങളും അവരെ അനുഗമിച്ച് രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ 7000ല്‍പരം പേര് പങ്കെടുത്ത കായികമാമാങ്കത്തിനാണു കൊടിയിറങ്ങിയത്. മുഴുവന്‍ ജില്ലകളിലെയും മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളുകള്‍ക്കും മാര്‍ച്ച് പാസ്റ്റില്‍ ആദ്യനാലു സ്ഥാനങ്ങള്‍ നേടിയ ജില്ലകള്‍ക്കും ട്രോഫികള്‍ സമ്മാനിച്ചു. മാര്‍ച്ച് പാസ്റ്റില്‍ ഒന്നാം സ്ഥാനം കോഴിക്കോടിനാണ്. രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ മലപ്പുറം, കോട്ടയം, പാലക്കാട് ജില്ലകള്‍ നേടി.
കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി.പി. ദാസന്, എസ്ഒബി കേരള ഏരിയ ഡയറക്ടര്‍ ഫാ. റോയി കണ്ണഞ്ചിറ, എ. പ്രദീപ് കുമാര്‍, പി. ദിവാകരന്, യുഎല്‍സിസിഎസ് ചെയര്മാന് രമേശന് പാലേരി, പ്രഫ. ഗോപാലന്‍കുട്ടി, മേയര്‍ ഡോ. ബീന ഫിലിപ്, ഗോപാലന്, ബിഎല്‍എം സൊസൈറ്റി ഡയറക്ടര്‍ വി.കെ. സിബി,ഡോ. എം.കെ. ജയരാജ്, എസ്ഒബി കേരള പ്രോഗ്രാം മാനേജര്‍ സിസ്റ്റര്‍ റാണി ജോ എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.