മൂന്നാറിന്റെ സൗന്ദര്യം നുകരാൻ കെഎസ്ആർടിസിയുടെ റോയൽവ്യൂ
പ്രദീപ് ചാത്തന്നൂർ
Monday, December 30, 2024 3:16 AM IST
ചാത്തന്നൂർ: പുതുവർഷദിനം മുതൽ മൂന്നാറിന്റെ പ്രകൃതി ഭംഗി നുകരാൻ കെഎസ്ആർടിസിയുടെ റോയൽവ്യൂ ഡബിൾ ഡക്കർ ബസ് സർവീസ് തുടങ്ങും.
ബസിൽ യാത്രക്കാർക്ക് സീറ്റിലിരുന്ന് ഏത് വശത്തെ പുറം കാഴ്ചയും നുകരാൻ കഴിയും. മഞ്ഞും മഴയും എല്ലാം നേരിട്ട് കാണാൻ കഴിയുന്ന കർവ് ഗ്ലാസുകൾ കൊണ്ടാണ് ബസിന്റെ നിർമിതി. സ്ലൈഡ് ചെയ്യാൻ കഴിയുന്ന വിൻഡോ ഗ്ലാസുകളുമാണ്.
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് റോയൽവ്യൂ എന്ന ഡബിൾ ഡക്കർ മൂന്നാറിലേയ്ക്ക് യാത്ര ഒരുക്കുന്നത്. മൂന്നാറും പരിസര പ്രദേശങ്ങളായ പേപ്പാറ,കമ്പംമെട്ട്, പെരിയ കനാൽ ചുറ്റിയായിരിക്കും റോയൽവ്യൂവിന്റെ യാത്ര. താഴത്തെ നിലയിൽ 31 പേർക്കും മുകളിലത്തെ നിലയിൽ 39 പേർക്കും യാത്ര ചെയ്യാം.
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ തിരുവനന്തപുരത്ത് നഗരകാഴ്ചകൾ കാണാനായി രണ്ട് ഡബിൾ ഡക്കർ സർവീസുകൾ നടത്തുന്നുണ്ട്. ഇത് വൻഹിറ്റായ സാഹചര്യത്തിലാണ് മൂന്നാറിൽ കൂടുതൽ സൗകര്യങ്ങളുള്ള കണ്ണാടി രഥമെന്ന് വിശേഷിപ്പിക്കാവുന്ന റോയൽവ്യൂ ഡബിൾ ഡക്കർ അവതരിപ്പിക്കുന്നത്.
സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ മൂന്നാർ ചുറ്റി സൗന്ദര്യ കാഴ്ചകൾ ആസ്വദിക്കാൻ സാഹചര്യമൊരുങ്ങുകയാണ്. ഉദ്ഘാടനം നാളെ രാവിലെ 11- ന് തിരുവനന്തപുരം ആനയറയിലെ കെ-സ്വിഫ്റ്റിന്റെ ആസ്ഥാനത്ത് മന്ത്രി കെ. ബി. ഗണേശ്കുമാർ നിർവഹിക്കും.