ശബരിമല നട ഇന്നു തുറക്കും
Monday, December 30, 2024 3:16 AM IST
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട ഇന്നു വൈകുന്നേരം നാലിനു തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്. അരുണ്‍ കുമാര്‍ നമ്പൂതിരി നടതുറക്കും. മേല്‍ശാന്തി സന്നിധാനത്തെ ആഴിയില്‍ അഗ്നി പകര്‍ന്ന ശേഷം തീര്‍ഥാടകര്‍ക്ക് പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്താം.
നാളെ മുതല്‍ നെയ്യഭിഷേകം അടക്കമുള്ള പതിവു പൂജകള്‍ ആരംഭിക്കും. ജനുവരി 14നാണ് മകരവിളക്ക്. 11ന് എരുമേലി പേട്ട തുള്ളല്‍ നടക്കും. പന്തളത്തു നിന്നും തിരുവാഭരണ ഘോഷയാത്ര 12നു പുറപ്പെടും. 13നാണ് പമ്പവിളക്കും പമ്പസദ്യയും. 19നു രാത്രിവരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താം. 20നു രാവിലെ പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തുന്നതിനു പിന്നാലെ നട അടയ്ക്കും.