ആർച്ച്ബിഷപ് മാര് പാംപ്ലാനിയെ സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചു
Monday, December 30, 2024 3:16 AM IST
തലശേരി: തലശേരി ആര്ച്ച്ബിഷപ് മാര് ജോസഫ് പാംപ്ലാനിയും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും കൂടിക്കാഴ്ച നടത്തി. ഇന്നലെ തലശേരി ആർച്ച്ബിഷപ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. രാവിലെ ഒന്പതോടെ ആർച്ച്ബിഷപ് ഹൗസിലെത്തിയ ശിഹാബ് തങ്ങളെ മാർ ജോസഫ് പാംപ്ലാനി പൂക്കൾ നൽകി സ്വീകരിച്ചു.
ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ മുനമ്പം ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. സന്ദർശനത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നു മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാകരുത്. അതിന് ഇത്തരം കൂടിക്കാഴ്ചകൾ ആവശ്യമാണ്. സമുദായങ്ങളെ തമ്മിൽ അടുപ്പിക്കാൻ മതനേതാക്കൾ മുൻകൈ എടുക്കണം. കേരള സമൂഹത്തിന്റെ വളർച്ചയ്ക്ക് ഇത്തരത്തിലുള്ള കൂടിക്കാഴ്ചകൾ ആവശ്യമാണെന്നും വിവിധ വിഷയങ്ങളിലുള്ള അഭിപ്രായങ്ങളും വ്യത്യാസങ്ങളും തുറന്ന് സംസാരിക്കാൻ ഇത്തരം കൂടിക്കാഴ്ചകൾ ഉപകരിക്കുമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
സമുദായങ്ങൾ തമ്മിൽ അകലുന്ന സാഹചര്യമുണ്ടാകരുതെന്നും ബന്ധങ്ങൾ നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണു വന്നതെന്നും തങ്ങൾ പറഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ മുനമ്പം വിഷയത്തിൽ വിശദമായ അഭിപ്രായ പ്രകടനങ്ങൾക്കു പ്രസക്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, അതിരൂപത പ്രൊക്കുറേറ്റർ റവ. ഡോ. ജോസഫ് കാക്കരമറ്റം, വൈസ് ചാൻസലർ ഫാ. ജോസഫ് റാത്തപ്പള്ളിൽ എന്നിവർ ചേർന്ന് സാദിഖലി തങ്ങളെ സ്വീകരിച്ചു. തുടർന്ന് കേക്ക് മുറിക്കുകയും ഇരുവരും ഒരുമിച്ചു പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു. ഷാഫി പറന്പിൽ എംപി, ടോം പകലോമറ്റം എന്നിവരും സന്നിഹിതരായിരുന്നു.